രോഹിത്തിന് പിന്നാലെ കോഹ്ലിയും രഞ്ജി കുപ്പായത്തിലേക്ക്; ഡല്‍ഹിക്കു വേണ്ടി കളിക്കും
Tuesday, January 21, 2025 1:28 PM IST
ന്യൂഡൽഹി: ഓസീസ് പര്യടനത്തിലെ മോശം പ്രകടനത്തിന്റെ പേരിൽ പഴികേട്ട ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്കു പിന്നാലെ സൂപ്പർതാരം വിരാട് കോഹ്ലിയും രഞ്ജി കുപ്പായമണിയുമെന്ന് റിപ്പോർട്ടുകൾ.
ഈ മാസം 30ന് റെയില്‍വേസിനെതിരായ മത്സരത്തില്‍ കളിക്കാൻ കോഹ്ലി സന്നദ്ധത അറിയിച്ചതായി ഡല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷന് അറിയിച്ചു. ഗ്രൂപ്പില്‍ ഡല്‍ഹിയുടെ അവസാന മത്സരമാണിത്.
കഴുത്ത് വേദനയെ തുടര്‍ന്ന് വ്യാഴാഴ്ച സൗരാഷ്ട്രയ്ക്കെതിരായ മത്സരത്തില്‍ നിന്ന് കോഹ്ലി പിന്മാറിയിരുന്നു. ഈ മത്സരത്തില്‍ ഡല്‍ഹിക്ക് വേണ്ടി ഋഷഭ് പന്ത് കളിക്കും. നിലവില്‍ ആയുഷ് ബദോനിയാണ് ഡല്‍ഹിയുടെ ക്യാപ്റ്റന്‍.
12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോഹ്ലി ഡല്‍ഹിക്ക് വേണ്ടി രഞ്ജി ട്രോഫി കളിക്കാനൊരുങ്ങുന്നത്. 2012ൽ വീരേന്ദർ സേവാഗിന്റെ കീഴിൽ ഉത്തർപ്രദേശിനെതിരായാണ് കോഹ്ലി അവസാനമായി രഞ്ജി കുപ്പായത്തിൽ മൈതാനത്തിലിറങ്ങിയത്. ഗൗതം ഗംഭീര്‍, ഉന്മുക്ത് ചന്ദ്, ഇഷാന്ത് ശര്‍മ, ആശിഷ് നെഹ്റ എന്നിവരും ടീമിലുണ്ടായിരുന്നു.
നേരത്തെ, രോഹിത് ശര്‍മയും മുംബൈക്ക് വേണ്ടി രഞ്ജി കളിക്കാൻ സന്നദ്ധത അറിയിച്ചിരുന്നു. ജമ്മു കാഷ്മീരിനെതിരേ വ്യാഴാഴ്ച ആരംഭിക്കാനിരിക്കുന്ന മത്സരത്തിൽ കളിക്കുമെന്ന് രോഹിത് തന്നെയാണ് അറിയിച്ചത്. അജിന്‍ക്യ രഹാനെ നയിക്കുന്ന ടീമില്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാളും ശ്രേയസ് അയ്യര്‍, ശിവം ദുബെ, തനുഷ് കോട്യാന്, ഷാര്‍ദുല്‍ ഠാക്കൂര്‍ എന്നിവരുമുണ്ട്. 2015 നവംബറിലാണ് രോഹിത് അവസാനം രഞ്ജി കളിച്ചത്.
ആഭ്യന്തര ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ ദേശീയ ടീം അംഗങ്ങൾക്ക് ഉൾപ്പെടെ ബിസിസിഐ നിർബന്ധമാക്കിയതിനു പിന്നാലെയാണ് രോഹിതും കോഹ്ലിയും രഞ്ജിക്ക് ഇറങ്ങുന്നത്.