നാലുവയസുകാരിയെ പീഡിപ്പിച്ചെന്ന പരാതി: കൂട്ടിക്കല്‍ ജയചന്ദ്രനെതിരേ ലുക്കൗട്ട് നോട്ടീസ്
Tuesday, January 21, 2025 11:48 AM IST
കോഴിക്കോട്: പോക്സോ കേസില്‍ നടനും സംവിധായകനുമായ കൂട്ടിക്കല്‍ ജയചന്ദ്രതിരേ ലുക്കൗട്ട് നോട്ടീസ്. പ്രതി വിദേശത്തേക്ക് കടക്കാനുള്ള സാധ്യത മുന്നില്‍കണ്ടാണ് തിങ്കളാഴ്ച രാത്രി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്.
കേസില്‍ പ്രതിയായ കൂട്ടിക്കല്‍ ജയചന്ദ്രനെതിരേ നടപടി വൈകുന്നതായി കാണിച്ച് കുട്ടിയുടെ ബന്ധു അടുത്തിടെ സംസ്ഥാന പോലീസ് മേധാവിക്കും കമ്മീഷണര്‍ക്കും പരാതി നല്‍കിയിരുന്നു.
പ്രതി വിദേശത്തേക്കു രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നും പെണ്‍കുട്ടിക്കും ബന്ധുക്കള്‍ക്കും ഭീഷണിയുണ്ടെന്നും അത് ഭയന്നു കുട്ടിയെ സ്കൂളില്‍ അയയ്ക്കുന്നില്ലെന്നും ബന്ധുവിന്റെ പരാതിയില്‍ പറയുന്നു.
പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തി ഉടനെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടത്. കൂട്ടിക്കല്‍ ജയചന്ദ്രന്റെ മാങ്കാവിലെ വീട്ടില്‍ പോലീസ് എത്തിയിരുന്നുവെങ്കിലും അടച്ചിട്ട നിലയിലായിരുന്നു.
നടന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞയാഴ്ച തള്ളിയിരുന്നു. നാലു വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കൂട്ടിക്കല്‍ ജയചന്ദ്രനെതിരേ പോലീസ് കേസെടുത്തത്. കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടര്‍ന്ന് കസബ പോലീസാണ് നടനെതിരേ കേസെടുത്തത്. കുടുംബ തര്‍ക്കങ്ങള്‍ മുതലെടുത്ത് ജയചന്ദ്രന് മകളെ പീഡിപ്പിച്ചുവെന്നാണ് പരാതി.