"കൂത്താട്ടുകുളം' സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം; സ്ത്രീസുരക്ഷയ്ക്ക് കേരളം മാതൃകയെന്ന് മുഖ്യമന്ത്രി
Tuesday, January 21, 2025 10:36 AM IST
തിരുവനന്തപുരം: കൂത്താട്ടുകുളത്ത് സിപിഎം വനിതാ കൗണ്‍സിലറെ തട്ടിക്കൊണ്ടുപോയ സംഭവം അടിയന്തരപ്രമേയമായി സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. അനൂപ് ജേക്കബ് എംഎല്‍എയാണ് വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്.
വസ്ത്രാക്ഷേപം ചെയ്യുന്നതാണോ മുഖ്യമന്ത്രി എപ്പോഴും പറയുന്ന സ്ത്രീസുരക്ഷയെന്ന് അനൂപ് ജേക്കബ് ചോദിച്ചു. കൗണ്‍സിലറെ സിപിഎമ്മുകാര്‍ തട്ടിക്കൊണ്ടുപോയത് പോലീസ് ഒത്താശയോടെയാണെന്നും എംഎല്‍എ പറഞ്ഞു.
കൂത്താട്ടുകുളം പോലീസ് സ്റ്റേഷന് മാഫിയകളുടെ പിടിയിലാണ്. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടിയില്ലെന്നും പ്രതിപക്ഷം വിമര്‍ശിച്ചു.
എന്നാല്‍ വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ടെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. കലാ രാജുവിനെ ചെയര്‍പേഴ്സന്റെ കാറില്‍ കൂട്ടിക്കൊണ്ടുപോയതായി പരാതിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീസുരക്ഷയ്ക്ക് കേരളം മാതൃക തന്നെയാണ്. കൂത്താട്ടുകുളത്ത് പോലീസ് മതിയായ സുരക്ഷയൊരുക്കിയെന്നും മുഖ്യമന്ത്രി ന്യായീകരിച്ചു. കലാ രാജുവിനെ സ്വാധീനിക്കാന്‍ യുഡിഎഫ് ശ്രമിച്ചു. അവര്‍ കൂറുമാറിയെങ്കില്‍ അംഗത്വം രാജിവയ്ക്കേണ്ടതല്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു.