കൗൺസിലറെ തട്ടിക്കൊണ്ടുപോയ സംഭവം സഭയിൽ ഉയർത്താൻ പ്രതിപക്ഷം; അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും
Tuesday, January 21, 2025 9:07 AM IST
തിരുവനന്തപുരം: കൂത്താട്ടുകുളത്ത് സിപിഎം കൗൺസിലറെ തട്ടിക്കൊണ്ടുപോയ സംഭവം സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം. വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്നും അടിയന്തര പ്രമേയം അവതരിപ്പിക്കണമെന്നും ആവശ്യപ്പെട്ട് അനൂപ് ജേക്കബ് എംഎൽഎ സ്പീക്കര്‍ക്ക് അപേക്ഷ നൽകിയിട്ടുണ്ട്.
അതേസമയം, ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച നിയമസഭയിൽ ഇന്നു തുടങ്ങും. മൂന്നു ദിവസമാണ് ചർച്ച. യുജിസി പുറപ്പെടുവിച്ച കരട് മാനദണ്ഡങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഇന്ന് സഭയിൽ പ്രമേയം അവതരിപ്പിക്കും.
കൂത്താട്ടുകുളം നഗരസഭാ കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടു പോയ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കസ്റ്റഡിയിലെടുത്തിരുന്നു. ചെല്ലക്കപ്പടി ബ്രാഞ്ച് സെക്രട്ടറി അരുൺ വി.മോഹനനാണ് കസ്റ്റഡിയിലായത്.
കലാ രാജു കൂറുമാറുമെന്ന ഭീതിയിൽ സിപിഎം നേതാക്കൾ ചേർന്ന് തട്ടിക്കൊണ്ടുപോയെന്നാണ് കേസ്. തട്ടിക്കൊണ്ടുപോകല്‍, ദേഹോപദ്രവമേല്‍പ്പിക്കല്‍, അന്യായമായി തടഞ്ഞുവക്കല്‍, നിയമവിരുദ്ധമായി കൂട്ടം ചേരല്‍ തുടങ്ങി വകുപ്പുകൾ ചുമത്തിയാണ് കൂത്താട്ടുകുളം പോലീസ് കേസെടുത്തത്.