അമേരിക്കയിൽ ഇനി ട്രംപിന്റെ ദിനങ്ങൾ; പ്രസിഡന്റായി അധികാരമേറ്റു
Monday, January 20, 2025 10:35 PM IST
വാഷിംഗ്ടൺ: അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരം ഏറ്റെടുത്തു. ക്യാപിറ്റോൾ മന്ദിരത്തിൽ നടത്തിയ ചടങ്ങിൽ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്.
പിന്നീടാണ് ഡൊണൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തത്. സുപ്രീംകോടതി ചീഫ് ജസ്റ്റീസാണ് ഇരുവർക്കും സത്യവാചകം ചൊല്ലിക്കൊടുത്തത്. മുൻ പ്രസിഡന്റ് ഏബ്രഹാം ലിങ്കണും തന്റെ മാതാവും ഉപയോഗിച്ച ബൈബിൾ കൈയിൽ പിടിച്ചാണ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തത്.
പ്രശസ്ത ഗായകൻ ക്രിസ്റ്റഫർ മാത്യു ആലപിച്ച ദേശഭക്തി ഗാനത്തോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. വാഷിംഗ്ടൺ ഡിസിയിലെ സെന്റ് ജോൺസ് എപ്പിസ്കോപ്പൽ പള്ളിയിലെ കുർബാനയിൽ പങ്കെടുത്ത ശേഷമാണ് ട്രംപും വാൻസും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. പ്രതികൂല കാലാവസ്ഥ മൂലം ക്യാപിറ്റോൾ മന്ദിരത്തിന് അകത്താണ് ചടങ്ങുകൾ നടക്കുക.
സ്ഥലപരിമിതി മൂലം അകത്തെ വേദിയിൽ ഇടംകിട്ടാതെ പോകുന്ന അതിഥികൾക്കെല്ലാം ചടങ്ങു തത്സമയം കാണാൻ സൗകര്യം പുറത്ത് ഒരുക്കിയിരുന്നു. സത്യപ്രതിജ്ഞക്ക് സാക്ഷികളാകാൻ ലോക നേതാക്കളടക്കം വൻ നിരയാണ് എത്തിയിരിക്കുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കറാണ് പങ്കെടുത്തത്.
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി, അർജന്റീന പ്രസിഡന്റ് ഹാവിയർ മിലി, ഹംഗറി പ്രധാനമന്ത്രി വിക്ടർ ഒർബാൻ, ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്, മെറ്റ മേധാവി മാർക്ക് സക്കർബർഗ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.