നവജാത ശിശുവിന്റെ കാലിൽ സൂചി; ഡോക്ടർക്കും നഴ്സിനുമെതിരെ കേസ്
Monday, January 20, 2025 6:13 PM IST
കണ്ണൂർ: നവജാത ശിശുവിന്റെ കാലിൽ സൂചി തറച്ചിരുന്ന സംഭവത്തിൽ പോലീസ് കേസ് എടുത്തു. പരിയാരം മെഡിക്കൽ കോളജിൽ നിന്ന് പ്രതിരോധ കുത്തിവെപ്പ് എടുത്തപ്പോൾ വന്ന പിഴവാണെന്ന് കാട്ടി അച്ഛൻ ശ്രീജു നൽകിയ പരാതിയിലാണ് നടപടി.
കുഞ്ഞിനെ ചികിത്സിച്ച ഡോക്ടർക്കും നഴ്സിംഗ് സ്റ്റാഫിനുമെതിരെയാണ് കേസ്. 24 ദിവസത്തോളം കുഞ്ഞിന്റെ കാലിൽ സൂചി ഉണ്ടായിരുന്നു. മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കും വിധത്തിലുള്ള അശ്രദ്ധമായ പ്രവൃത്തിയെന്ന ബിഎൻഎസ് 125 വകുപ്പ് ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
അതേസമയം ഇത്രയും നീളമുള്ള സൂചി പ്രതിരോധ കുത്തിവെപ്പിന് ഉപയോഗിക്കാറില്ലെന്നാണ് പരിയാരം മെഡിക്കൽ കോളജിന്റെ വിശദീകരണം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഡെപ്യൂട്ടി സൂപ്രണ്ട് ഉൾപ്പെട്ട നാലംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
കുഞ്ഞിന്റെ തുടയിൽ പഴുപ്പ് കണ്ടതോടെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പരിശോധിച്ചപ്പോഴാണ് മൂന്ന് സെന്റീമീറ്റർ നീളമുള്ള സൂചിക്കഷ്ണം കണ്ടത്. ജനിച്ച് രണ്ടാം ദിവസം നൽകിയ കുത്തിവെപ്പിന് ശേഷമാണ് കുഞ്ഞിന് പ്രശ്നങ്ങൾ തുടങ്ങിയതെന്നും മാതാപിതാക്കൾ പറഞ്ഞു.