പതിനാറുകാരി പ്രസവിച്ച സംഭവം: ഡിഎൻഎ പരിശോധന നടത്തും
Monday, January 20, 2025 4:42 PM IST
കൊല്ലം: പതിനാറുകാരി പ്രസവിച്ച സംഭവത്തിൽ ഡിഎൻഎ പരിശോധന നടത്താൻ പോലീസ്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ചവറ തെക്കുംഭാഗം പോലീസ് പോക്സോ നിയമ പ്രകാരം കേസ് എടുത്തിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് സംശയമുള്ള ചിലരുടെ രക്ത സാമ്പിളുകൾ ഡിഎൻഎ പരിശോധനയ്ക്ക് അയക്കാൻ പോലീസ് തീരുമാനിച്ചിട്ടുള്ളത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പെൺകുട്ടി കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞ് ഇപ്പോൾ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ്.
അതേസമയം പെൺകുട്ടിയുടെ വീട്ടിൽ കയറി ഒരു സംഘം ആൾക്കാർ അതിക്രമം നടത്തി എന്ന പരാതിയിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. സംഭവം അറിഞ്ഞെത്തിയ പോലീസ് സംഘത്തിന് നേരേയും കൈയേറ്റ ശ്രമം നടന്നു.
പെൺകുട്ടിയുടെ വീട്ടിലെത്തിയ സംഘം വാക്കേറ്റത്തിനിടെ പിതാവിനെ മർദിച്ചു. ഇതേതുടർന്ന് അദ്ദേഹം സമീപത്തെ ബന്ധു വീട്ടിൽ അഭയം പ്രാപിച്ചെങ്കിലും അവിടെ എത്തിയും സംഘം മർദനം തുടർന്നു. ഇതേതുടർന്ന് സ്ഥലത്ത് പോലീസ് കാവൽ ശക്തമാക്കിയിട്ടുണ്ട്.