നിറത്തിന്റെ പേരിൽ അവഹേളനം; നവവധു ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ
Monday, January 20, 2025 3:29 PM IST
മലപ്പുറം: കൊണ്ടോട്ടിയിൽ നിറത്തിന്റെ പേരിൽ അവഹേളനത്തിന് ഇരയായ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മലപ്പുറം മൊറയൂർ സ്വദേശി അബ്ദുൾ വാഹിദാണ് അറസ്റ്റിലായത്.
വിദേശത്തു നിന്നും എത്തിയ ഇയാളെ കണ്ണൂർ വിമാനത്താവളത്തിൽവച്ചാണ് പിടികൂടിയത്. ആത്മഹത്യാ പ്രേരണ,മാനസികമായി പീഡിപ്പിക്കൽ എന്നീ വകുപ്പുകളാണ് ഇയാൾക്കെതിരേ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് മലപ്പുറം കൊണ്ടോട്ടിയിൽ ഷഹാന മുംതാസിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നിറത്തെച്ചൊല്ലി ഷഹാനയെ ഭര്‍ത്താവ് എപ്പോഴും കളിയാക്കിയിരുന്നു. എന്തിനാണ് ഈ ബന്ധത്തിൽ പിടിച്ചു തൂങ്ങുന്നതെന്നും വേറെ ഭർത്താവിനെ കിട്ടില്ലേയെന്നും ഭർതൃമാതാവ് ചോദിച്ചെന്നും പരാതി ഉയർന്നിരുന്നു.
2024 മെയ് 27ന് ആണ് ഷഹാന മുംതാസും-മൊറയൂർ സ്വദേശി അബ്ദുൽ വാഹിദും വിവാഹിതരായത്. 20 ദിവസത്തിന് ശേഷം വാഹിദ് വിദേശത്തേക്ക് പോയി. ഇതിന് പിന്നാലെ നിറത്തിന്റെ പേര് പറഞ്ഞ് ഭർത്താവും വീട്ടുകാരും മാനസികമായി പീഡിപ്പിക്കുകയായിരുന്നു.