എൻ.എം. വിജയൻ ജീവനൊടുക്കിയ കേസ്; കോൺഗ്രസ് നേതാക്കൾ ചോദ്യം ചെയ്യലിന് ഹാജരായി
Monday, January 20, 2025 2:57 PM IST
കൽപ്പറ്റ: ഡിസിസി ട്രഷറർ എൻ.എം. വിജയൻ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ടക്കേസിൽ കോൺഗ്രസ് നേതാക്കൾ ചോദ്യം ചെയ്യലിന് ഹാജരായി. ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, കെ.കെ. ഗോപിനാഥൻ എന്നിവരാണ് ഹാജരായത്.
സുൽത്താൻബത്തേരിയിലെ ഡിവൈഎസ്പി ഓഫീസിലാണ് ഇരുവരും ഹാജരായത്. കേസിൽ ഒന്നാം പ്രതിയായ ഐ.സി. ബാലകൃഷ്ണൻ എംഎൽഎയ്ക്കും എൻ.ഡി. അപ്പച്ചനും കെ.കെ. ഗോപിനാഥനും കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
കൽപ്പറ്റ ചീഫ് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും പ്രതികളോട് കോടതി നിർദ്ദേശിച്ചിരുന്നു.
ഡിസംബർ 25നാണ് വിജയനെയും ജിജേഷിനെയും വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പിന്നാലെ 27ന് ഇരുവരും മരിച്ചു.