ലഹരിക്കടിമയായ മകന്റെ മർദനമേറ്റു; ചികിത്സയിലിരിക്കെ പിതാവ് മരിച്ചു
Monday, January 20, 2025 1:18 PM IST
തിരുവനന്തപുരം: ലഹരിക്കടിമയായ മകന്റെ മർദനമേറ്റ് ചികിത്സയിലിരിക്കെ പിതാവ് മരിച്ചു. കിളിമാനൂർ പൊരുന്തമൺ സ്വദേശി ഹരികുമാർ ആണ് മരിച്ചത്. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് ഹരികുമാർ മരിച്ചത്.
ലഹരി ഉപയോഗിച്ച് വന്ന മകൻ ആദിത്യൻ ജനുവരി 15നാണ് ഹരികുമാറിനെ ക്രൂരമായി മർദിച്ചത്. മുഖത്തും തലയിലുമാണ് ഹരികുമാറിന് പരിക്കേറ്റത്. അന്നുതന്നെ ഹരികുമാറിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു.
അതേസമയം ഹരികുമാറിനു ബൈക്കപകടത്തിൽ പരിക്കേറ്റതാണെന്നായിരുന്നു ആശുപത്രിയിൽ അറിയിച്ചത്. സംഭവത്തിൽ മകൻ ആദിത്യനെ പോലീസ് ചോദ്യം ചെയ്യുകയാണ്. പോസ്റ്റ്മോര്ട്ടം റിപ്പോർട്ട് കിട്ടിയാൽ ഉടൻ പോലീസ് അടുത്ത നടപടികളിലേക്ക് കടക്കും.
കഴിഞ്ഞ ദിവസം കോഴിക്കോട് താമരശേരിയിലും സമാനമായ സംഭവം നടന്നിരുന്നു. ജനുവരി 18ന് ലഹരിമരുന്നിന് അടിമയായ മകൻ അമ്മയെ വെട്ടിക്കൊന്നിരുന്നു.