ആരോഗ്യം വീണ്ടെടുത്ത് ഉമ തോമസ് എംഎല്‍എ; ഫിസിയോതെറാപ്പി തുടരും
Monday, January 20, 2025 12:56 PM IST
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ വിഐപി ഗ്യാലറിയില്‍നിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എംഎല്‍എ ആരോഗ്യം വീണ്ടെടുത്തതായി പാലാരിവട്ടം റിനൈ ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് പറഞ്ഞു.
വളരെ മോശം അവസ്ഥയിലായിരുന്നു ഉമ തോമസ് എംഎല്‍എ ആശുപത്രിയില്‍ എത്തിയത്. അവിടെനിന്ന് ഒരു ടീം വര്‍ക്കിന്റെ ഭാഗമായാണ് ഇവിടം വരെ എത്തിയത്. വേഗത്തില്‍ ആരോഗ്യം വീണ്ടെടുക്കുന്നുണ്ടെന്നും കുറച്ചു ദിവസം കൂടി ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്നും ഡോ. കൃഷ്ണനുണ്ണി പറഞ്ഞു.
ആശുപത്രിയില്‍ എംഎല്‍എയ്ക്ക് ഓഫീസ് സൗകര്യം ഒരുക്കാനാണ് തീരുമാനം. എല്ലാ അര്‍ഥത്തിലും തിരിച്ചു വരുന്നുണ്ട്. എംഎല്‍എയുടെ മനോധൈര്യം പ്രശംസനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വെന്റിലേറ്ററില്‍നിന്ന് മാറ്റി രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ തന്നെ അയാം ഓകെ എന്ന് ഉമ തോമസ് പറഞ്ഞു.
അപകടത്തിന്റെ ദൃശ്യം എംഎല്‍എയെ കാണിച്ചിരുന്നു. എന്നും വീട്ടില്‍ പോകണമെന്നു പറഞ്ഞിരുന്ന എംഎല്‍എ അത് കണ്ടതില്‍ പിന്നെ വീട്ടില്‍ പോകണം എന്ന് പറഞ്ഞിട്ടില്ലെന്നും ഡോ. കൃഷ്ണനുണ്ണി വൃക്തമാക്കി.