കൗൺസിലറെ തട്ടികൊണ്ടുപോയ സംഭവം; കൂത്താട്ടുകുളത്തേക്ക് മടങ്ങിപ്പോകാന്‍ ഭയമെന്ന് കലാ രാജു
Monday, January 20, 2025 12:45 PM IST
കൊച്ചി: തനിക്ക് കൂത്താട്ടുകുളത്തേക്ക് മടങ്ങിപ്പോകാന്‍ ഭയമാണെന്ന് സിപിഎം കൗണ്‍സിലര്‍ കലാ രാജു. പ്രതികളുടെ അറസ്റ്റ് വൈകുകയാണ്. പ്രതികളുടെ പേരുള്‍പ്പെടെ പോലീസിന് നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് അവര്‍ പറഞ്ഞു.
കൂത്താട്ടുകുളം നഗരസഭയില്‍ അവിശ്വാസ ചര്‍ച്ചായോഗത്തില്‍ പങ്കെടുക്കുവാനെത്തിയ സിപിഎം കൗണ്‍സിലര്‍ കലാ രാജുവിനെ സിപിഎം പ്രവർത്തകർ തന്നെയാണ് കഴിഞ്ഞ ദിവസം തട്ടികൊണ്ടുപോയത്.
യുഡിഎഫ് അംഗങ്ങളുടെ വാഹനത്തിലെത്തിയ എല്‍ഡിഎഫ് കൗണ്‍സിലര്‍ കലാ രാജുവിനെ സിപിഎം നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് ബലമായി നഗരസഭാ ചെയര്‍പേഴ്സന്റെ വാഹനത്തില്‍ പോലീസ് നോക്കിനില്‍ക്കെ കടത്തിക്കൊണ്ടു പോവുകയായിരുന്നു. 24 ഡിവിഷനുകളുള്ള കൂത്താട്ടുകുളം നഗരസഭയില്‍ 13 അംഗങ്ങള്‍ സിപിഎമ്മിന്റെയും 11 അംഗങ്ങള്‍ യുഡിഎഫിന്റെയും ഒരു അംഗം സ്വതന്ത്രനുമാണ്.
കുത്താട്ടുകുളം ഗവണ്മെന്റ് ആശുപത്രിയുടെ ഐസലേഷന്‍ വാര്‍ഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് യുഡിഎഫ് അംഗങ്ങള്‍ അവിശ്വാസം കൊണ്ടുവന്നത്.
എല്‍ഡിഎഫിലെ 13 പേരും വിട്ടു നില്‍ക്കുമെന്നായിരുന്നു എല്‍ഡിഎഫ് നേതൃത്വം അറിയിച്ചിരുന്നത്. എന്നാല്‍ കുറച്ചു നാളുകളായി സിപിഎമ്മില്‍നിന്ന് ഇടഞ്ഞുനിന്ന കലാ രാജു അവിശ്വാസത്തില്‍ വോട്ട് ചെയ്യാനെത്തുമെന്ന് സൂചനകള്‍ ലഭിച്ചിരുന്നു. സൂചനകള്‍ ശരിവയ്ക്കും വിധം യുഡിഎഫ് നേതാക്കളുടെ വാഹനത്തില്‍ കലാ രാജു നഗരസഭാ കാര്യാലയത്തിനു മുന്നില്‍ എത്തിയത്. തുടര്‍ന്നാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.