ശനിയാഴ്ച കുറഞ്ഞത് ഇന്നു കൂടി; സർവകാല റിക്കാർഡ് ലക്ഷ്യമാക്കി സ്വർണം; 60,000 രൂപയിലേക്ക് കുതിപ്പ്
Monday, January 20, 2025 11:53 AM IST
തിരുവനന്തപുരം: ഒരുദിവസത്തെ ക്ഷീണത്തിനു ശേഷം ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് തിരിച്ചുകയറി സ്വർണവില. ഇന്ന് പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 59,600 രൂപയിലും ഗ്രാമിന് 7,450 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 6,100 രൂപയിലും പവന് 48,800 രൂപയിലുമെത്തി. 24 കാരറ്റ് സ്വർണം ഗ്രാമിന് 8,127 രൂപയും പവന് 64,984 രൂപയുമാണ്.
വെള്ളിയാഴ്ചത്തെ വിലയിലേക്കാണ് സ്വർണവില വീണ്ടും എത്തിയത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലേക്ക് ഇനിയും 41 രൂപ മാത്രം അകലെയാണ്. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ 59,640 രൂപയാണ് ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില.
തുടര്‍ച്ചയായ അഞ്ചുദിവസത്തെ മുന്നേറ്റത്തിന് ശേഷം ചൊവ്വാഴ്ച താഴെവീണ സ്വർണവില ബുധനാഴ്ച മുതൽ തിരിച്ചുകയറിയിരുന്നു. ബുധനാഴ്ച 80 രൂപയും വ്യാഴാഴ്ച 400 രൂപയും വെള്ളിയാഴ്ച 480 രൂപയും ഉയർന്നിരുന്നു. രണ്ടാഴ്ചയ്ക്കിടെ രണ്ടായിരത്തിലേറെ രൂപ ഉയർന്ന ശേഷം ശനിയാഴ്ച 120 രൂപ കുറഞ്ഞിരുന്നു.
ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. പിന്നീട് മൂന്നുദിവസംകൊണ്ട് വർധിച്ചത് 1,200 രൂപയാണ്. എന്നാൽ നാലിന് സ്വർണവില 360 രൂപ കുറഞ്ഞിരുന്നു. തുടർന്ന് മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം സ്വര്‍ണവില ദിവസങ്ങള്‍ക്ക് മുന്‍പാണ് വീണ്ടും 58,000ന് മുകളില്‍ എത്തിയത്. തുടർന്ന് ദിവസങ്ങൾക്കുള്ളിൽ 59,000 രൂപ കടക്കുകയും ചെയ്തു.
അതേസമയം, വെള്ളിവിലയിൽ മാറ്റമില്ല. ഗ്രാമിന് 99 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.