ഹൃദയവാൽവിൽ രണ്ടു ബ്ലോക്ക്, കാലുകളിൽ മുറിവ്: നെയ്യാറ്റിൻകര ഗോപന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
Monday, January 20, 2025 10:58 AM IST
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ സമാധി കേസിൽ ഗോപൻ സ്വാമിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ഹൃദയ വാൽവിൽ രണ്ട് ബ്ലോക്കുണ്ടായിരുന്നുവെന്നും പ്രമേഹം ബാധിച്ച് കാലുകളിൽ മുറിവുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ ഈ അസുഖങ്ങൾ മരണ കാരണമായോയെന്ന് വ്യക്തമാകണമെങ്കിൽ ആന്തരിക പരിശോധഫലം ലഭിക്കണമെന്ന് ഫോറൻസിക് ഡോക്ടർമാർ വ്യക്തമാക്കി. പരിശോധനാ ഫലം വേഗത്തിൽ ലഭിക്കാൻ പൊലീസ് നടപടി തുടങ്ങി. ഇതിനായി കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറി അധികൃതർക്ക് കത്ത് നൽകും.
പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് അനുസരിച്ച് ഗോപന്റെ ശരീരത്തിൽ മുറിവുകളോ മറ്റ് അസ്വാഭാവികതകളോ ഇല്ലയെന്ന വിവരം നേരത്തെ ലഭിച്ചിരുന്നു. മരണത്തിലെ ദുരൂഹത നീങ്ങാൻ മൂന്നു പരിശോധന ഫലങ്ങളാണ് ലഭിക്കേണ്ടത്. ശ്വാസകോശത്തിൽ എന്തെങ്കിലും കടന്നിട്ടുണ്ടോ എന്നറിയാനുള്ള രാസ പരിശോധന ഫലം, ഫോറൻസിക് സയൻസ് ലാബ് ടെസ്റ്റ് ഫലം, ആന്തരിക അവയവങ്ങൾക്ക് മുറിവോ മറ്റോ ഉണ്ടോ എന്നറിയാൻ ഫിസ്റ്റോ പത്തോളജിക്കൽ ഫലം എന്നിവയാണ് ഇനി ലഭിക്കേണ്ടത്.
വെള്ളിയാഴ്ചയാണ് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനയച്ചത്. കുടുംബത്തിന്റെ എതിർപ്പ് അവഗണിച്ചായിരുന്നു മൃതദേഹം പുറത്തെടുത്തത്.