ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപിടിച്ച പ്രധാനമന്ത്രി; മന്മോഹന് സിംഗിന് ആദരാഞ്ജലി അര്‍പ്പിച്ച് നിയമസഭ
Monday, January 20, 2025 10:48 AM IST
തിരുവനന്തപുരം: മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിന് ആദരാഞ്ജലി അര്‍പ്പിച്ച് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപിടിക്കുന്നതിൽ മൻമോഹൻ സിംഗ് നിർണായക പങ്ക് വഹിച്ചെന്ന് മുഖ്യമന്ത്രി സഭയിൽ അനുസ്മരിച്ചു.
ഇന്ത്യയുടെ സാമ്പത്തിക നയ രൂപീകരണത്തില്‍ കാതലായ പങ്കുവഹിക്കുന്ന എല്ലാ പദവിയും വഹിച്ച മറ്റൊരു വ്യക്തിയും ഇല്ല. സാധാരണ ഗ്രാമീണ കുടുംബത്തില്‍ ജനിച്ച അദ്ദേഹം സ്വന്തം ധിഷണയുടെ ബലത്തിലാണ് കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്നും ഗവേഷണ ബിരുദം പൂര്‍ത്തിയാക്കിയത്.
തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളെപ്പോലെ ഇന്ത്യയും കയറ്റുമതിയില്‍ അധിഷ്ഠിത സാമ്പത്തിക നയം സ്വീകരിക്കണമെന്ന നിലപാടുകാരനായിരുന്നു. 2004 ലെ പൊതുതെരഞ്ഞെടുപ്പില്‍ രാജ്യത്തെ ജനങ്ങള്‍ അന്നത്തെ ഭരണമുന്നണിയെ തള്ളിയപ്പോള്‍, ഇടതുപക്ഷത്തിന്റെ കൂടി പിന്തുണയോടുകൂടി അധികാരത്തില്‍ വന്ന ഒന്നാം യുപിഎ സര്‍ക്കാരിന്റെ ചുമതല ഏറ്റെടുക്കാന്‍ നിയുക്തനായത് മന്മോഹന് സിംഗാണ്.
അന്നത്തെ യുപിഎ സര്‍ക്കാരിന്റെ നയങ്ങളില്‍ ഇടതുപക്ഷത്തിന് അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നെങ്കിലും, ഭരണഘടനാ മൂല്യങ്ങളെയും ജനാധിപത്യ സംവിധാനത്തെയും സംരക്ഷിക്കുന്നതിന് മന്‍മോഹന്‍സിംഗ് എടുത്ത നിലപാടുകള്‍ പ്രശംസനീയമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
രാജ്യത്തെ എല്ലാവരെയും വിസ്മയിപ്പിച്ച പ്രധാനമന്ത്രിയായിരുന്നു മന്മോഹന് സിംഗെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പറഞ്ഞു. അദ്ദേഹം പത്തു വര്‍ഷം പ്രധാനമന്ത്രിയുമായിരുന്നപ്പോഴാണ്, രാജ്യത്ത് അതുവരെ നിലനിന്നിരുന്ന സാമ്പത്തിക രീതികള്‍ക്ക് മാറ്റമുണ്ടാക്കിയത്.
പരിഷ്കാരങ്ങള്‍ നടപ്പില്‍ വന്നതോടെ രാജ്യത്തിന്റെ ഖജനാവ് നിറഞ്ഞു, എക്സൈസ് ഡ്യൂട്ടി 150 ശതമാനം വര്‍ധിച്ചു. കസ്റ്റംസ് ഡ്യൂട്ടിയും കൂടി. രാജ്യത്ത് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ഖജനാവ് നിറഞ്ഞപ്പോള്‍ സമ്പത്തിന്റെ നീതിപൂര്‍വകമായ പുനര്‍വിതരണം മന്‍മോഹന്‍സിംഗ് മുന്‍കൈയെടുത്ത് നടപ്പിലാക്കിയെന്നും സതീശൻ പറഞ്ഞു.