ശബരിമലയിൽ ദർശനം പൂർത്തിയായി; മണ്ഡലകാലത്തിന് സമാപ്തി കുറിച്ച് ഇന്നു നടയടയ്ക്കും
Monday, January 20, 2025 9:43 AM IST
പത്തനംതിട്ട: മകരവിളക്ക് ഉത്സവകാലത്തിന് പരിസമാപ്തി കുറിച്ച് ഇന്നു നട അടയ്ക്കുന്നതോടെ ഇത്തവണത്തെ ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടന കാലത്തിന് പൂർണതയാകും. ഇന്നു രാവിലെ തന്ത്രി കണ്ഠര് രാജീവര് അഷ്ടദ്രവ്യ മഹാഗണപതിഹോമം നടത്തും. തുടര്‍ന്ന് തിരുവാഭരണവാഹകര്‍ തിരുവാഭരണപ്പെട്ടികള്‍ ശിരസിലേറ്റി പതിനെട്ടാംപടി ഇറങ്ങും.
തുടര്‍ന്ന് രാജപ്രതിനിധിയുടെ ദര്‍ശനം. അയ്യപ്പ വിഗ്രഹത്തില്‍ മേല്‍ശാന്തി എസ് അരുണ്‍കുമാര്‍ നമ്പൂതിരി ഭസ്മാഭിഷേകം നടത്തി അയ്യപ്പനെ ധ്യാനത്തിലാക്കി നട അടയ്ക്കും. ശ്രീകോവിലിന്റെ താക്കോല്‍ കൈമാറ്റവും നടക്കും.
ഞായറാഴ്ച രാത്രി അത്താഴ പൂജയോടെയാണ് ഭക്തര്‍ക്കുള്ള ദര്‍ശനം പൂര്‍ത്തിയായത്. തുടർന്ന് ഹരിവരാസനം ചൊല്ലി നട അടച്ചശേഷം പന്തളം രാജപ്രതിനിധി തൃക്കേട്ടനാള്‍ രാജരാജ വര്‍മയും പരിവാരങ്ങളുമെത്തി.
പിന്നാലെ ദേവസ്വം അധികൃതരും മാളികപ്പുറത്തെ മണിമണ്ഡപത്തിനു മുന്‍പിലെത്തിയതോടെ മലദൈവങ്ങളുടെ പ്രീതിക്കായി ഗുരുതി പൂജയും ഗുരുതിയും നടന്നു. കുമ്പളങ്ങ മുറിച്ചു ഗുരുതിക്കു ശേഷം മഞ്ഞള്‍പ്പൊടിയും ചുണ്ണാമ്പും ചേര്‍ത്തുണ്ടാക്കിയ 'നിണം' തൂകി. റാന്നി കുന്നയ്ക്കാട്ട് ദേവീവിലാസത്തില്‍ ജെ. അജിത്കുമാര്‍, ജെ. ജയകുമാര്‍, രതീഷ് കുമാര്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു.
ഡിസംബർ 30ന് മകരവിളക്ക് സീസൺ ആരംഭിച്ചത് മുതൽ കഴിഞ്ഞ ദിവസം വരെ 19,00,789 അയ്യപ്പഭക്തരാണ് ശബരിമലയിൽ ദർശനത്തിന് എത്തിയത്. നവംബർ 15ന് മണ്ഡല മകരവിളക്ക് ഉത്സവം ആരംഭിച്ചത് മുതൽ ജനുവരി 17 വരെ ആകെ 51, 92,550 പേർ ദർശനം നടത്തി.