റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന മലയാളികൾ മരിച്ച സംഭവം; മൂന്ന് ഏജന്റുമാർ അറസ്റ്റിൽ
Saturday, January 18, 2025 9:06 PM IST
ന്യൂഡൽഹി: റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന മലയാളികൾ മരിച്ച സംഭവത്തിൽ മൂന്ന് ഏജന്റുമാർ അറസ്റ്റിൽ. സന്ദീപ് തോമസ്, സുമേഷ്, സിബി എന്നിവരാണ് അറസ്റ്റിലയായത്.
വടക്കാഞ്ചേരി പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. എമിഗ്രേഷൻ ആക്ട്, മനുഷ്യക്കടത്ത്, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് മൂവരേയും അറസ്റ്റ് ചെയ്തത്.
സൈന്യത്തിൽ ചേർന്ന 12 ഇന്ത്യക്കാർ ഇതുവരെ കൊല്ലപ്പെട്ടെന്ന് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പതിനെട്ട് പേരിൽ 16 പേരെ കുറിച്ച് വിവരമില്ലെന്നും വിദേശകാര്യ വക്താവ് രൺദീർ ജയ്സ്വാൾ പറഞ്ഞിരുന്നു.
126 പേരാണ് റഷ്യൻ സൈന്യത്തിൽ ചേർന്നത്. ഇതിൽ 96 പേരെ ഇതിനോടകം തിരികെ എത്തിച്ചെന്നും കേന്ദ്രം അറിയിച്ചു. കൊല്ലപ്പെട്ട മലയാളിയായ ബിനിൽ ബാബുവിന്റെ മൃതദേഹം തിരികെ എത്തിക്കാൻ ശ്രമം തുടരുകയാണ്. ബിനിലിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും രൺദീർ പറഞ്ഞു.
യുദ്ധത്തിൽ പരിക്കേറ്റ മലയാളിയായ ജയിൻ കുര്യൻ മോസ്കോയിൽ ചികിത്സയിലാണെന്നും കേന്ദ്രം വ്യക്തമാക്കി. കഴിഞ്ഞയാഴ്ചയാണ് റഷ്യയില്‍ ഷെല്ലാക്രമണത്തില്‍ തൃശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശിയായ ബിനില്‍ ബാബു കൊല്ലപ്പെട്ടത്.
ബിനിലിന്റെ ബന്ധു കൂടിയായ ജയിന് കുര്യനും സമാനമായി ഷെല്ലാക്രമണത്തിലാണ് പരിക്കേറ്റത്. ഇലക്ട്രീഷ്യന്മാരായ ഇരുവരും റിക്രൂട്ടിംഗ് ചതിയില്‍പെട്ടാണ് റഷ്യന്‍ കൂലിപ്പട്ടാളത്തിലെത്തിയത്.