ഷാരോണ്‍ വധക്കേസിൽ ശിക്ഷ തിങ്കളാഴ്ച; ഗ്രീഷ്മയ്ക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ
Saturday, January 18, 2025 12:20 PM IST
നെയ്യാറ്റിൻകര: കളനാശിനി കലർത്തിയ കഷായം കുടിപ്പിച്ച് പാറശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ വിധിയിലുള്ള അന്തിമ വാദം നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയിൽ പൂർത്തിയായി. കേസിൽ പ്രതികൾക്കുള്ള ശിക്ഷ തിങ്കളാഴ്ച കോടതി പ്രഖ്യാപിക്കും.
കേസിൽ ദേവിയോട് രാമവര്‍മന്‍ചിറ പൂമ്പള്ളിക്കോണം ശ്രീനിലയത്തില്‍ ഗ്രീഷ്മയും അമ്മാവന് നിർമലകുമാരൻ നായരും കുറ്റക്കാരെന്ന് കോടതി വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു. ഗ്രീഷ്മയ്ക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പ്രതി ഒരു ദയയും അർഹിക്കുന്നില്ല. ഗ്രീഷ്മയ്ക്ക് ചെകുത്താന്റെ സ്വഭാവമാണ്. ഷാരോണിന്റെ സ്വപ്നം ഗ്രീഷ്മ തകർത്തുവെന്നും പ്രോസിക്യൂഷൻ വാദിച്ചു.
അതേസമയം ശിക്ഷയിൽ ഇളവ് അനുവദിക്കണമെന്ന് ഗ്രീഷ്മ കോടതിയോട് ആവശ്യപ്പെട്ടു. തനിക്ക് പഠിക്കണം. ബിരുദ സർട്ടിഫിക്കറ്റുകളും ഗ്രീഷ്മ കോടതിക്ക് കൈമാറി. തനിക്ക് 24 വയസുമാത്രമാണ് പ്രായം. മാതാപിതാക്കൾക്ക് താൻ ഒരാൾ മാത്രമേ ഉള്ളുവെന്നും ശിക്ഷയിൽ ഇളവ് നൽകണമെന്നും ഗ്രീഷ്മ കോടതിയിൽ വാദിച്ചു.
രേഖാമൂലം തനിക്ക് പറയാനുള്ളതും ഗ്രീഷ്മ എഴുതി നൽകി. കേസിൽ ഉള്ളത് സാഹചര്യ തെളിവുകൾ മാത്രമാണെന്നും ഗ്രീഷ്മയുടെ അഭിഭാഷകൻ വാദിച്ചു. ഗ്രീഷ്മയുടെ സ്വകാര്യ ചിത്രങ്ങൾ ഉപയോഗിച്ച് ബ്ലാക്മെയിൽ ചെയ്തു. ഷാരോണിന് ബ്രൂട്ടൽ മനസുണ്ടായിരുന്നുവെന്നും പ്രതിഭാഗം വാദിച്ചു.