മുഡ അഴിമതിക്കേസ്; 300 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി
Saturday, January 18, 2025 12:25 AM IST
ബംഗുളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെടെയുള്ളവർ ഉൾപ്പെട്ട മുഡ ഭൂമി അഴിമതിക്കേസുമായി ബന്ധപ്പെട്ട് 300 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
റിയൽ എസ്റ്റേറ്റ് ബിസിനസുകാരായും ഏജന്റുമാരായും പ്രവർത്തിക്കുന്ന വിവിധ വ്യക്തികളുടെ പേരിലുള്ള സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്.
സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാര്‍വതിക്ക് മൈസൂരു നഗര വികസന അതോറിറ്റിയുടെ വിജയനഗര്‍ മൂന്ന്, നാല് സ്റ്റേജുകളിലെ 14 സൈറ്റുകള്‍ അനുവദിച്ചതില്‍ ക്രമക്കേട് സംബന്ധിച്ച ആരോപണം ഉയര്‍ന്നതോടെ മുഖ്യമന്ത്രിയെ വിചാരണ ചെയ്യാന്‍ ഗവര്‍ണര്‍ താവര്‍ ചന്ദ് ഗഹ് ലോട്ട് അനുമതി നല്‍കിയതിനെ തുടര്‍ന്ന് ലോകായുക്ത കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. കേസരെയിലെ സര്‍വേ നമ്പര്‍ 464 ലെ 3.16 ഏക്കര്‍ ഭൂമിക്ക് പകരമായി 50:50 അനുപാതത്തിലാണ് ഈ സ്ഥലങ്ങള്‍ അനുവദിച്ചത്.
ഈ കേസിൽ കർണാടക ലോകായുക്തയെ ചോദ്യം ചെയ്ത സിദ്ധരാമയ്യ, താനോ കുടുംബമോ തെറ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞു. പ്രതിപക്ഷം തന്നെ ഭയക്കുന്നുവെന്നും ഇത് രാഷ്ട്രീയ പ്രേരിത ആരോപണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.