ഗോപൻ സ്വാമിയുടെ ദുരൂഹ സമാധി; അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
Wednesday, January 15, 2025 3:18 PM IST
കൊച്ചി: നെയ്യാറ്റിന്‍കരയിലെ ഗോപന് സ്വാമിയുടെ ദുരൂഹസമാധിയുമായി ബന്ധപ്പെട്ട് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. ഗോപൻ സ്വാമിയുടെ കല്ലറ പൊളിക്കാനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് ഭാര്യ സുലോചന നൽകിയ ഹർജിയിലാണ് കോടതി നടപടി.
ഗോപൻ സ്വാമിയുടെ മരണ സർട്ടിഫിക്കറ്റ് ഉണ്ടോ എന്ന് കോടതി ചോദിച്ചു. ഇല്ലെന്ന് ഹർജിക്കാരി മറുപടി നൽകിയതോടെ ഇത് അസ്വഭാവിക മരണമായി കണക്കാക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി.
ഒരാളെ കാണാതായാൽ അയാൾ എവിടെ പോയെന്ന് അന്വേഷിക്കേണ്ട ബാധ്യത സർക്കാരിനുണ്ട്. അതിൽ കോടതിക്ക് ഇടപെടാനാക്കില്ല. മരണസർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ സർക്കാരിന്റെ നടപടികൾ നിർത്തിവയ്ക്കാൻ ആവശ്യപ്പെടാം. അല്ലെങ്കിൽ അന്വേഷണം തുടരാം. അന്വേഷണം നിർത്തിവയ്ക്കാനോ നീട്ടിക്കൊണ്ട് പോകാനോ ആവില്ലെന്നും കോടതി വ്യക്തമാക്കി.
കല്ലറ തുറന്ന് പരിശോധന നടത്താം. ഇതു സംബന്ധിച്ച് ഹൈക്കോടതി ജില്ലാ കളക്ടർക്ക് നിർദേശം നൽകി. ഹർജിയിൽ ജില്ലാ കളക്ടർ, ആർഡിഒ, പോലീസ് എന്നിവർക്ക് കോടതി നോട്ടീസ് അയച്ചു.