മരിച്ചെന്ന് കരുതി മോര്‍ച്ചറിയിലേക്ക് മാറ്റിയ വയോധികനില്‍ ജീവന്റെ തുടിപ്പ്
Tuesday, January 14, 2025 7:48 PM IST
കണ്ണൂർ: മരിച്ചെന്ന് കരുതി മോര്‍ച്ചറിയിലേക്ക് മാറ്റിയ വയോധികന് ജീവനുണ്ടെന്ന് കണ്ടെത്തി. കണ്ണൂർ പാച്ചപ്പൊയ്ക സ്വദേശി പവിത്രനിലാണ് (67) ജീവന്റെ തുടിപ്പുണ്ടെന്ന് മോര്‍ച്ചറിയിലെ അറ്റന്‍ഡര്‍ തിരിച്ചറിഞ്ഞത്.
കണ്ണൂര്‍ എകെജി സഹകരണ ആശുപത്രിയിലായിരുന്നു സംഭവം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി മംഗളൂരു ഹെഗ്ഡെ ആശുപത്രിയിലെ വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിഞ്ഞ രോഗിയെ ഇന്നലെ രാത്രിയാണ് കണ്ണൂരിലേക്ക് കൊണ്ടുവന്നത്.
വെന്റിലേറ്ററില്‍ നിന്ന് മാറ്റിയാല്‍ ജീവന് നഷ്ടമാകുമെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. ദിവസങ്ങളോളം വെന്റിലേറ്ററില്‍ കഴിഞ്ഞിട്ടും ആരോഗ്യനിലയില്‍ മാറ്റമൊന്നും ഉണ്ടാകാതിരുന്നതോടെ ബന്ധുക്കള്‍ കൂടിയാലോചിച്ചാണ് വെന്റിലേറ്ററില്‍ നിന്ന് മാറ്റിയത്.
പ്രാദേശിക ജനപ്രതിനിധികൾ സാക്ഷ്യപ്പെടുത്തിയതിന്റെ ഭാഗമായിയായിരുന്നു ആശുപത്രിയിൽ മോർച്ചറി അനുവദിച്ചത്. തുടര്‍ന്ന് മോര്‍ച്ചറിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പവിത്രന് കൈയിൽ പിടിച്ചെന്ന് അറ്റന്‍ഡര്‍ പറഞ്ഞു.
ഉടന്‍ തന്നെ അറ്റന്‍ഡര്‍ ഡോക്ടര്‍മാരെ വിവരമറിയിച്ചു. നിലവില്‍ എകെജി ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയില്‍ കഴിയുകയാണ് ഇദ്ദേഹം. പവിത്രൻ മരിച്ചെന്ന് ദിനപത്രങ്ങളിലും വാർത്ത വന്നിരുന്നു.