സതീശനെതിരെ ആരോപണം ഉന്നയിക്കാൻ ആവശ്യപ്പെട്ടെന്ന പരാമർശം; അൻവറിന് വക്കീല്‍ നോട്ടീസയച്ച് പി.ശശി
Tuesday, January 14, 2025 10:29 AM IST
തിരുവനന്തപുരം: പി.വി.അന്‍വര്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി വക്കീല്‍ നോട്ടീസ് അയച്ചു. ശശി പറഞ്ഞിട്ടാണ് സതീശനെതിരേ വ്യാജ ആരോപണം ഉന്നയിച്ചതെന്ന അന്‍വറിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് നടപടി.
എത്രയും വേഗം പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് ആവശ്യം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ 150 കോടി കടത്തിയെന്ന ആരോപണമുന്നയിച്ചത് ശശി പറഞ്ഞിട്ടാണെന്ന് അന്‍വര്‍ വെളിപ്പെടുത്തിയിരുന്നു. ഈ പരാമർശത്തിലാണ് ശശി വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.
അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതവും ദുരുദ്ദേശത്തോട് കൂടിയുള്ളതുമാണെന്ന് ശശി പ്രതികരിച്ചിരുന്നു. നിലനില്‍പ്പിനുവേണ്ടി പ്രതിപക്ഷ നേതാവിനോട് മാപ്പ് ചോദിക്കുന്നതിനായി തന്റെ മുന്‍കാല ചെയ്തികളുടെ ഉത്തരവാദിത്വം മറ്റുള്ളവരുടെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാനാണ് അന്‍വര്‍ ശ്രമിക്കുന്നതെന്നും ശശി പറഞ്ഞിരുന്നു.
അന്‍വറിന് ശശി അയയ്ക്കുന്ന നാലാമത്തെ വക്കീല്‍ നോട്ടീസാണിത്. പി.ശശിയുടെ പരാതിയില്‍ മൂന്ന് കേസുകൾ നിലവിൽ അൻവറിനെതിരെ കണ്ണൂരിലെ കോടതികളിലുണ്ട്.