അമരക്കുനിയിൽ ഇറങ്ങിയ കടുവ ഇന്നും ആടിനെ പിടിച്ചു; ആക്രമണം കടുവയ്ക്കായി വ്യാപക തെരച്ചിൽ നടക്കുന്നതിനിടെ
Tuesday, January 14, 2025 7:25 AM IST
വയനാട്: അമരക്കുനിയിൽ ഇറങ്ങിയ കടുവ ഇന്നും വളർത്തുമൃഗത്തെ പിടികൂടി. ഊട്ടിക്കവലയ്ക്കു സമീപം പായിക്കണ്ടത്തിൽ ബിജുവിന്റെ ആടിനെയാണ് കടുവ കടിച്ചുകൊന്നത്.
വീട്ടുകാർ ബഹളംവച്ചതോടെ കടുവ ആടിനെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ഇതോടെ കടുവ കൊന്ന വളർത്തു മൃഗങ്ങളുടെ എണ്ണം നാലായി.
കേശവൻ എന്നയാളുടെ ആടിനെ ഇന്നലെ കടുവ പിടിച്ചിരുന്നു. കടുവയ്ക്കായി വ്യാപക തെരച്ചിൽ നടക്കുന്നതിനിടെയാണ് കടുവ തുടർച്ചയായി മൃഗങ്ങളെ പിടിക്കുന്നത്.
അതിനിടെ കടുവയെ ഒരു കാപ്പി തോട്ടത്തിൽ കണ്ടെത്തിയെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ അറിയിച്ചു. എന്നാൽ കാപ്പി തോട്ടത്തിൽ വച്ച് മയക്കുവെടി വയ്ക്കുന്നത് ദുഷ്കരമാണ്. ഇന്ന് തന്നെ കടുവയെ പിടികൂടാൻ ആകുമെന്ന് ഡിഎഫ്ഒ പറഞ്ഞു.