റേഷൻ വ്യാപാരികൾ അനിശ്ചിത കാല സമരത്തിലേക്ക്
Monday, January 13, 2025 10:28 PM IST
കോട്ടയം : വേതന പാക്കേജ് പരിഷ്ക്കരിക്കുക, കമ്മീഷൻ, ഇൻസെന്റീവ് അതാത് മാസം വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 27 മുതൽ റേഷൻ വ്യാപാരികൾ അനിശ്ചിത കാല സമരം ആരംഭിക്കും.
2018 ൽ നടപ്പാക്കിയ വേതന പാക്കേജ് അനുസരിച്ച് 168 വ്യാപാരികൾക്ക് 5000 മുതൽ 10000 വരെയും 4,268 വ്യാപാരികൾക്ക് 10,000 മുതൽ 20,000 വരെയും 6,277 വ്യാപാരികൾക്ക് 20,000 മുതൽ 30,000 രൂപ വരെയുമാണ് ലഭിക്കുന്നതെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ പറഞ്ഞു.
2018ൽ തന്നെ പല സംഘടനകളുടേയും വിയോജനക്കുറിപ്പ് അവഗണിച്ചുകൊണ്ടാണ് പാക്കേജ് നടപ്പിലാക്കിയത്. ആറു മാസം കഴിഞ്ഞ് പുനഃപരിശോധിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയിരുന്നുവെങ്കിലും ആറു വർഷം കഴിഞ്ഞിട്ടും നടപടികളൊന്നുമുണ്ടായിട്ടില്ലെന്നും ഭാരവാഹികൾ പറഞ്ഞു.
പത്ര സമ്മേളനത്തിൽ മുൻ എംഎൽഎ ജോണി നെല്ലൂർ, കെ.ബി.ബിജു, ജി.ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു.