കലൂർ സ്റ്റേഡിയത്തിലെ അപകടം; ഓസ്കാർ ഇവന്റസ് ഉടമയ്ക്ക് ജാമ്യം
Monday, January 13, 2025 3:47 PM IST
കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നടന്ന മെഗാ ഭരതനാട്യം നൃത്തപരിപാടിക്കിടെ ഉമ തോമസ് എംഎൽഎയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ ഓസ്കാർ ഇവന്റസ് ഉടമ പി.എസ്. ജനീഷിന് ജാമ്യം. എറണാകുളം ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
പോലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി തള്ളി. ജനീഷിനെ പാലാരിവട്ടം പോലീസ് തൃശൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കേസിൽ മൃദംഗ വിഷൻ എംഡി നിഗോഷ് കുമാർ അടക്കമുള്ളവർക്ക് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു.
നേരത്തേ ജനീഷും പരിപാടിക്കു രൂപം നൽകിയ നിഗോഷ് കുമാറും മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കീഴടങ്ങാനായിരുന്നു നിർദേശം. തുടർന്ന് നിഗോഷ് കുമാർ കീഴടങ്ങിയെങ്കിലും മൂത്രാശയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നതിനാൽ ജനീഷ് കൂടുതൽ സമയം തേടിയിരുന്നു.
മെഗാ ഭരതനാട്യം തുടങ്ങുന്നതിനു മുൻപാണ് ഉമ തോമസ് വീണ് ഗുരുതരമായി പരിക്കേറ്റത്.