അഞ്ചാംദിവസവും കുതിച്ചുയർന്ന് സ്വർണവില; 59,000 രൂപയിലേക്ക്
Monday, January 13, 2025 11:46 AM IST
കൊച്ചി: സംസ്ഥാനത്ത് അഞ്ചാംദിവസവും സ്വർണവില മുകളിലേക്ക്. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് വർധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 58,720 രൂപയിലും ഗ്രാമിന് 7,340 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 20 രൂപ വര്‍ധിച്ച് 6,050 രൂപയിലെത്തി.
ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
പിന്നീട് മൂന്നുദിവസംകൊണ്ട് വർധിച്ചത് 1,200 രൂപയാണ്. എന്നാൽ നാലിന് സ്വർണവില 360 രൂപ കുറഞ്ഞിരുന്നു. തുടർന്ന് മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം സ്വര്‍ണവില ദിവസങ്ങള്‍ക്ക് മുന്‍പാണ് വീണ്ടും 58,000ന് മുകളില്‍ എത്തിയത്. രണ്ടാഴ്ച കൊണ്ട് 1,500 രൂപയിലേറെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
ഡിസംബർ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. പിന്നീട് വില കൂടിയും കുറഞ്ഞും നിന്നു. 11ന് 58,280 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില കുറയുന്നതാണ് ദൃശ്യമായത്. 20 ന് 56,320 രൂപയായി താഴ്ന്നതാണ് ഡിസംബർ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം.
രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാന വിപണിയിലെയും വിലയെ സ്വാധീനിക്കുന്നത്. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിനു 2,687 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
അതേസമയം, വെള്ളിയുടെ വില ഗ്രാമിന് 98 രൂപയാണ്.