ആശയെ കഴുത്തറത്ത് കൊലപ്പെടുത്തി, പിന്നാലെ കുമാരൻ തൂങ്ങിമരിച്ചു: തമ്പാനൂർ ലോഡ്ജിൽ നടന്നത് ക്രൂര കൊലപാതകം
Sunday, January 12, 2025 2:06 PM IST
തിരുവനന്തപുരം: തമ്പാനൂരിൽ ലോഡ്ജിൽ സ്ത്രീയെയും മധ്യവയസ്കനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍ പുറത്തുവിട്ട് പോലീസ്. പേയാട് സ്വദേശികളായ സി. കുമാരൻ (51), ആശ (42) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആശയെ കഴുത്തറുത്ത് കൊന്നശേഷം കുമാരൻ ജീവനൊടുക്കുകയായിരുന്നുവെന്ന് ഡിസിപി കാര്‍ത്തിക് റെഡ്ഡി പറഞ്ഞു.
സ്വകാര്യ ടെലിവിഷൻ ചാനൽ ജീവനക്കാരനാണ് സി. കുമാരൻ. പാങ്ങോട് സൈനിക ക്യാമ്പിൽ താത്കാലിക ജീവനക്കാരിയാണ് ആശ. ആശയെ കാണാനില്ലെന്ന് കാട്ടി ഭർത്താവ് കഴിഞ്ഞദിവസം പോലീസിന് പരാതി നൽകിയിരുന്നു.
രണ്ടുദിവസം മുമ്പാണ് കുമാരൻ തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തെ ടൂറിസ്റ്റ് ഫോമിൽ മുറിയെടുത്തത്. ശനിയാഴ്ച രാവിലെയാണ് ആശ ഇവിടേക്ക് എത്തിയത്. ഇരുവരെയും പുറത്തേക്ക് കാണാതായതിനെ തുടര്‍ന്ന് ലോഡ്ജ് അധികൃതരാണ് പോലീസിനെ വിവരം അറിയിച്ചത്.
പോലീസ് എത്തി മുറിയുടെ കതക് ചവിട്ടിപ്പൊളിച്ച് അകത്തു കടന്നപ്പോഴാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടത്. കഴുത്തറുത്ത് രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു ആശയുടെ മൃതദേഹം. അതേസമയം, കുമാരൻ കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച ശേഷം തൂങ്ങിമരിച്ച നിലയിലായിരുന്നു. മുറിയിൽ നിന്ന് കൊലക്കുപയോഗിച്ചെന്ന് കരുതുന്ന കത്തി കണ്ടെടുത്തിട്ടുണ്ട്.
ആശയുടെ ശരീരത്തിൽ ക്ഷതമേറ്റതിന്റെ പാടുകളുണ്ട്. മുറിയിൽ മൽപ്പിടുത്തം നടന്നതായി വ്യക്തമാക്കുന്ന തെളിവുകളും ലഭിച്ചിട്ടുണ്ട്. ഫോറൻസിക് സംഘം മുറിക്കുള്ളിൽ വിശദമായ പരിശോധന നടത്തി.