ആര്. നാസര്‍ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി തുടരും; ജില്ലാ കമ്മിറ്റിയില്‍ യു. പ്രതിഭയടക്കം അഞ്ചു പുതുമുഖങ്ങൾ
Sunday, January 12, 2025 12:59 PM IST
ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ആര്. നാസര്‍ തുടരും. മൂന്നാം തവണയാണ് നാസര്‍ ജില്ലാ സെക്രട്ടറിയാവുന്നത്. സാമുദായിക സന്തുലനം അടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചാണ് തീരുമാനമെന്നാണ് വിവരം.
അതേസമയം, ജില്ലാ കമ്മിറ്റിയില്‍നിന്ന് കെ. സുരേന്ദ്രന്, ജി. വേണുഗോപാല്‍, പി. അരവിന്ദാക്ഷന്, ജലജ ചന്ദ്രന്, എന്‍. ശിവദാസന്‍ എന്നിവർ പുറത്തായപ്പോൾ കായംകുളം എംഎല്‍എ യു. പ്രതിഭ അടക്കം നാലു പുതുമുഖങ്ങളെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി.
മാവേലിക്കര എംഎല്‍എ എം.എസ്. അരുണ്‍ കുമാറും ജില്ലാ കമ്മിറ്റി അംഗമാവും. മാരാരിക്കുളം ഏരിയാ സെക്രട്ടറി രഘുനാഥ്, ആലപ്പുഴ ഏരിയ സെക്രട്ടറി അജയ് സുധീന്ദ്രന്‍ എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് പുതുമുഖങ്ങള്‍. 46 അംഗ ജില്ലാ കമ്മിറ്റിയെയാണ് തെരഞ്ഞെടുത്തത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗീകരിച്ച പാനൽ സമ്മേളനത്തിൽ അവതരിപ്പിക്കും.
അതേസമയം, സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം ഇന്നു സമാപിക്കും. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി അധ്യക്ഷനാകും. മുഖ്യമന്ത്രി പിണറായി വിജയൻ മുഴുവൻ സമയവും പങ്കെടുക്കുന്ന സമ്മേളനം എന്ന പ്രത്യേകതയും ആലപ്പുഴ ജില്ലാ സമ്മേളനത്തിനുണ്ട്.