സിപിഎമ്മുകാർക്ക് പോലീസ് സ്റ്റേഷനിൽ പ്രത്യേക പ്രിവിലേജ് ഇല്ല; പോലീസുകാർക്കെതിരേ വ്യക്തിപരമായ പരാതി ഉണ്ടെങ്കിൽ പരിശോധിക്കും: മുഖ്യമന്ത്രി
Saturday, January 11, 2025 11:16 PM IST
ആലപ്പുഴ: പോലീസുകാർക്കെതിരേ വ്യക്തിപരമായ പരാതി ഉണ്ടെങ്കിൽ അത് പരിശോധിക്കുമെന്ന് ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎമ്മുകാർക്ക് പോലീസ് സ്റ്റേഷനുകളിൽ പ്രത്യേക പ്രിവിലേജ് നൽകാൻ നിർദേശിച്ചിട്ടില്ല. മുന്നണികളിലെ കക്ഷികൾക്ക് കുറവുകളുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം ചിഹ്നത്തിൽ വോട്ടുചെയ്യാൻ ആഗ്രഹമുണ്ടാകും. എന്നാൽ എപ്പോഴും അതിന് കഴിയില്ല. നമ്മുടെ സ്വന്തം സ്ഥാനാർഥി എന്ന പോലെ കരുതി പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ ഉയർന്ന വോട്ടു ചോർച്ചയിൽ തുടർ നടപടിക്കും മുഖ്യമന്ത്രി നിർദേശം നൽകി. വോട്ടു ചോർന്ന അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം എന്നിവിടങ്ങളിൽ പ്രത്യേക യോഗം ചേരും.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തിലാണ് യോഗം ചേരുന്നത്. വോട്ട് നഷ്ടപ്പെടാൻ ഇടയാക്കിയ കാരണം കണ്ടെത്തി തിരുത്തണം.
അകന്നുപോയ ജനവിഭാഗങ്ങളുമായും സംഘടനകളുമായും ബന്ധം വേണം. ആലപ്പുഴയിൽ എസ്എൻഡിപി ഉൾപ്പെടെയുള്ള സംഘടനകളുമായി ആരോഗ്യകരമായ ബന്ധം സൂക്ഷിക്കണം.
ന്യൂനപക്ഷങ്ങൾക്കും യുവാക്കൾക്കുമിടയിലുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധ വേണം. ആലപ്പുഴയിലെ സമ്മേളനത്തിൽ നടന്ന ചർച്ച ക്രിയാത്മകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.