അമ്മു സജീവിന്റെ മരണം; ഡോക്ടർമാർക്കും ആശുപത്രി ജീവനക്കാർക്കുമെതിരെ കേസ്
Saturday, January 11, 2025 12:11 AM IST
കൊല്ലം: നഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തില്‍ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർമാർക്കും ജീവനക്കാർക്കുമെതിരെ കേസ്.
ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റ അമ്മുവിന് കൃത്യമായ ചികിത്സ ലഭിച്ചില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണം നടത്തിയാണ് പോലീസ് പുതിയ കേസെടുത്തത്.
നവംബര്‍ 15നാണ് ചുട്ടിപ്പാറ എസ്എംഇ കോളേജിലെ അവസാന വർഷ നഴ്സിംഗ് വിദ്യാർഥിനിയായിരുന്ന അമ്മു സജീവ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ജീവനൊടുക്കിയത്.
അന്ന് വൈകിട്ടാണ് അമ്മുവിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന അത്യാഹിത വിഭാഗത്തിലെ ഡോക്ടർ, ഓർത്തോ വിഭാഗം ഡോക്ടർ, ജീവനക്കാർ എന്നിവരാണ് കേസിലെ പ്രതികൾ.
ആത്മഹത്യാപ്രേരണക്ക് എടുത്ത കേസിൽ അമ്മുവിൻ്റെ സഹപാഠികളായ മൂന്ന് പേർ നേരത്തെ അറസ്റ്റിലായിരുന്നു. സഹപാഠികളും അധ്യാപകനും ചേർന്ന് അമ്മുവിനെ മാനസികമായി പീഡിപ്പിച്ചു എന്നാണ് കുടുംബം ആരോപിക്കുന്നത്.