മാമി തിരോധാനക്കേസിൽ ദുരൂഹതയേറുന്നു; ഡ്രൈവറെ കാണാതായി
Friday, January 10, 2025 10:11 AM IST
കോഴിക്കോട്: റിയൽ എസ്റ്റേറ്റ് വ്യാപാരി ബാലുശേരി എരമംഗലം കോക്കല്ലൂർ മുഹമ്മദ് ആട്ടൂരിന്റെ (മാമി -56) തിരോധാനത്തിൽ അന്വേഷണം നടക്കുന്നതിനിടെ അദ്ദേഹത്തിന്റെ ഡ്രൈവറെയും ഭാര്യയെയും കാണാനില്ലെന്ന് പരാതി. ഡ്രൈവർ രജിത് കുമാർ, ഭാര്യ തുഷാര എന്നിവരെയാണ് വ്യാഴാഴ്ച മുതൽ കാണാതായത്.
സംഭവത്തിൽ തുഷാരയുടെ സഹോദരൻ നടക്കാവ് പൊലീസിൽ പരാതി നൽകി. ഇരുവരുടെയും ഫോൺ സ്വിച്ച് ഓഫ് ആണെന്നും പരാതിയിൽ പറയുന്നു.
മാമി തിരോധാന കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം അദ്ദേഹത്തിന്റെ വിശ്വസ്തനായിരുന്ന രജിത് കുമാറിനെ ചോദ്യംചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെയാണ് ഇരുവരെയും കാണാതായത്. ഇയാൾക്ക് മാമി തിരോധാന കേസിൽ പങ്കുണ്ടെന്ന് അന്വേഷണസംഘം സംശയിച്ചിരുന്നു. ഇതിനിടെയാണ് ഇരുവരെയും ദുരൂഹസാഹചര്യത്തിൽ കാണാതായത്.
എലത്തൂർ സ്വദേശിയായ രജിത് കുമാറും ഭാര്യ തുഷാരയും കുറച്ച് നാളുകളായി കോഴിക്കോട് മാവൂർ റോഡിലെ എൻവൈകെ ടൂറിസ്റ്റ് ഹോമിലായിരുന്നു താമസം. വ്യാഴാഴ്ച രാവിലെ ഒമ്പതിന് റൂം ഒഴിവാക്കി പുറത്തുപോയ ഇരുവരെയും കുറിച്ച് പിന്നീട് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.