പരാതിരഹിത കലോത്സവം കൂട്ടായ്മയുടെ വിജയം: മന്ത്രി വി. ശിവൻകുട്ടി
Thursday, January 9, 2025 12:54 PM IST
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ വിജയം കൂട്ടായ്മയുടെ വിജയമാണെന്നും പരാതിരഹിത കലോത്സവമായി ഈ കലോത്സവം മാറിയെന്നും മന്ത്രി വി.ശിവൻകുട്ടി. എല്ലാവരും ഒരേ മനസോടെ പ്രവർത്തിച്ചുവെന്നും മന്ത്രി പറഞ്ഞു. 19 കമ്മറ്റികളും വളരെ നന്നായി പ്രവർത്തിച്ചുവെന്ന് അഭിപ്രായപ്പെട്ട മന്ത്രി ഭക്ഷണ കമ്മറ്റി പ്രശംസ പിടിച്ചു പറ്റിയെന്നും കൂട്ടിച്ചേർത്തു.
മുപ്പതിനായിരം പേരാണ് സമാപന സമ്മേളനത്തിൽ ഉണ്ടായിരുന്നത്. ഒരു പ്രതിഷേധം പോലും അവിടെ ഉണ്ടായില്ല. അച്ചടക്കം പാലിക്കാൻ കഴിഞ്ഞുവെന്നത് തന്നെ വലിയ നേട്ടമാണ്. മാധ്യമങ്ങൾ നൽകിയ പിന്തുണയെ അഭിനന്ദിക്കുന്നു.
ലോകത്ത് തന്നെ ഇത്തരത്തിൽ ഒരു കൗമാര മേള ഇല്ല. കലോത്സവത്തെ അടുത്തവർഷം ഗിന്നസ് ബുക്കിൽ രേഖപ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. സ്കൂൾതല മത്സരത്തിൽ കൂടുതൽ മാറ്റങ്ങൾ വരുത്തും.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കും കലാ മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിക്കണം. അടുത്ത സ്കൂൾ കലോത്സവം ഗ്രാമ അന്തരീക്ഷമുള്ള ഒരു ജില്ലയിൽ വച്ച് നടത്തണമെന്ന് നിർദ്ദേശങ്ങൾ വരുന്നുണ്ടെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.