ഒരു സഹോദരി എന്ന നിലയ്ക്കാണ് അവരെ കണ്ടത്; പെരിയക്കേസ് പ്രതികളെ കണ്ട് പി.കെ. ശ്രീമതി
Wednesday, January 8, 2025 2:46 PM IST
കണ്ണൂര്‍: പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ച് സിപിഎം നേതാവ് പി.കെ. ശ്രീമതി. ഒരു സഹോദരി എന്ന നിലയിലാണ് ജയിലിലെത്തി അവരെ കണ്ടതെന്ന് ശ്രീമതി മാധ്യമങ്ങളോട് പറഞ്ഞു.
താന്‍ ആരോഗ്യമന്ത്രിയായിരുന്നപ്പോള്‍ എംഎല്‍എയായിരുന്നു കുഞ്ഞിരാമന്. മണികണ്ഠന് ഉള്‍പ്പെടെയുള്ള മറ്റ് എല്ലാവരെയും പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായി പരിചയമുണ്ട്. ആ നിലയ്ക്കാണ് ജയിലില്‍ എത്തിയതെന്നും ശ്രീമതി പറഞ്ഞു.
കണ്ണൂർ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയ്ക്കൊപ്പമാണ് ശ്രീമതി ജയിലിലെത്തിയത്. പെരിയ കേസിലെ മുഴുവന്‍ പ്രതികളെയും കണ്ടു. ഇവരെ കാണരുതെന്ന് ആരും പറഞ്ഞിട്ടില്ലെന്നും നേരത്തെ എല്ലാവര്‍ഷവും ക്രിസ്മസ് ദിവസം താന്‍ ജയിലിലെത്തി പരാമവധി പ്രതികളെ സന്ദര്‍ശിക്കാറുണ്ടായിരുന്നെന്നും ശ്രീമതി കൂട്ടിച്ചേർത്തു.