ഫ്രിഡ്ജിനുള്ളിലെ അസ്ഥികൂടഭാഗങ്ങൾ; വീട്ടുടമയായ ഡോക്ടറിൽനിന്ന് കൂടുതൽ മൊഴിയെടുക്കും
Wednesday, January 8, 2025 1:07 PM IST
ചോറ്റാനിക്കര: ചോറ്റാനിക്കരയിൽ അടഞ്ഞു കിടക്കുന്ന വീട്ടിലെ ഫ്രിഡ്ജിനുള്ളിൽ നിന്ന് അസ്ഥികൂടത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയ കേസിൽ വീട്ടുടമയായ ഡോ. ഫിലിപ്പ് ജോണിൽനിന്നും കൂടുതൽ മൊഴിയെടുക്കും. കഴിഞ്ഞ ദിവസം ഡോക്ടർ പറഞ്ഞത് പഠനാവശ്യങ്ങൾക്കായി സൂക്ഷിച്ചവയാണ് അസ്ഥികൂട ഭാഗങ്ങളെന്നാണ്.
ഇവ എന്ന് മുതലാണ് വീട്ടിൽ സൂക്ഷിച്ച് തുടങ്ങിയത് എന്നിവയടക്കം കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനാണ് ഡോക്ടറിൽനിന്നും വിശദമായ മൊഴിയെടുക്കുന്നത്. കഴിഞ്ഞ ദിവസം നടത്തിയ പോസ്റ്റുമോർട്ടത്തിൽ മൂന്നു കവറുകളിലായി കണ്ടെത്തിയ അസ്ഥികൂട ഭാഗങ്ങൾ ഒരാളുടേതല്ലായെന്ന് പരിശോധനയിൽ വ്യക്തമായിരുന്നു.
ശരീര അവശിഷ്ടങ്ങളുടെ ഫോറൻസിക് പരിശോധനയും ഡിഎൻഎ പരിശോധനയും പോലീസ് നടത്തുന്നുണ്ട്. എറണാകുളത്ത് താമസിക്കുന്ന ഡോ. ഫിലിപ്പ് ജോണിന്റെ ഉടമസ്ഥതയിലുള്ള ചോറ്റാനിക്കര പാലസ് സ്ക്വയറിനടുത്തുള്ള മംഗലശേരി വീടിനുള്ളിലുണ്ടായിരുന്ന ഫ്രിഡ്ജിൽനിന്നാണ് മൂന്ന് കിറ്റുകളിലായി അസ്ഥികൂട അവശിഷ്ടങ്ങൾ കഴിഞ്ഞ ദിവസം കണ്ടത്തിയത്. കൈവിരലുകൾ, കാൽവിരലുകൾ, തലയോട്ടി എന്നിവ പ്രത്യേകം കിറ്റുകളിലാണ് കണ്ടെത്തിയത്. അസ്ഥികൂടം കണ്ടെത്തിയ വീട്ടിലേക്ക് പതിനഞ്ച് വർഷമായി പോകാറില്ലെന്നാണ് ഡോ.ഫിലിപ്പ് ജോൺ പോലീസിനോട് പറഞ്ഞത്.