തോൽവിക്കു പിന്നാലെ തിരിച്ചടി; റാങ്കിംഗിൽ താഴെവീണ് ഇന്ത്യ, മുന്നേറി ദക്ഷിണാഫ്രിക്ക
Tuesday, January 7, 2025 2:16 PM IST
ദുബായി: ബോർഡർ -ഗവാസ്കർ പരമ്പര അടിയറവച്ചതിനു പിന്നാലെ ടീം ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി. പുതുക്കിയ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തേക്കു വീണു. 109 റേറ്റിംഗ് പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്.
പരമ്പര ജയത്തിനു പിന്നാലെ 126 റേറ്റിംഗ് പോയിന്റുമായി ഓസ്ട്രേലിയ ഒന്നാം റാങ്ക് നിലനിർത്തിയപ്പോൾ പാക്കിസ്ഥാനെതിരായ പരമ്പര തൂത്തുവാരിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി. 112 പോയിന്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്കുള്ളത്. ഇതോടെ, ജൂണ്‍ 11 മുതല്‍ 15 വരെ ലോര്‍ഡ്സിൽ നടക്കുന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനുള്ള ചിത്രം വ്യക്തമായി.
ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യയ്ക്കു തൊട്ടുപിന്നിലായി നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത് ഇംഗ്ലണ്ടും
ന്യൂസിലന്‍ഡുമാണ്. ശ്രീലങ്ക ആറാം സ്ഥാനത്തും പാക്കിസ്ഥാന് ഏഴാം സ്ഥാനത്തുമുണ്ട്. വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, അയര്‍ലന്‍ഡ്, സിംബാബ്വെ, അഫ്ഗാനിസ്ഥാന് എന്നിവരാണ് പിന്നാലെയുള്ള റാങ്കുകളിൽ.
ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിംഗില്‍ ഇംഗ്ലണ്ട് താരം ജോ റൂട്ട് ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ ഇംഗ്ലണ്ടിന്റെ തന്നെ ഹാരി ബ്രൂക്ക് ആണ് രണ്ടാമത്. ന്യൂസിലന്‍ഡിന്റെ കെയ്ന്‍ വില്യംസണ് മൂന്നാം സ്ഥാനത്തേക്ക് എത്തി.
ഒരു സ്ഥാനം മെച്ചപ്പെടുത്തിയ ഇന്ത്യന്‍ താരം യശസ്വി ജയ്സ്വാള്‍ നാലാം സ്ഥാനത്തേക്ക് കയറിയപ്പോൾ അവസാന രണ്ട് ടെസ്റ്റുകളിൽ നിറംമങ്ങിയ ഓസീസ് താരം ട്രാവിസ് ഹെഡ് അഞ്ചാം സ്ഥാനത്തേക്ക് വീണു. പാക് നായകൻ സൗദ് ഷക്കീല്‍, ഓസീസ് താരം സ്റ്റീവ് സ്മിത്ത്, കാമിന്ദു മെന്‍ഡിസ്, ടെംപ ബാവുമ, ഡാരില്‍ മിച്ചല്‍ എന്നിവര്‍ യഥാക്രമം ആറു മുതൽ 10 വരെ സ്ഥാനത്തുണ്ട്.
മോശം ഫോമിൽ തുടരുന്ന വിരാട് കോഹ്ലി 24-ാം സ്ഥാനത്തും നായകൻ രോഹിത് ശർമ 40-ാം സ്ഥാനത്തുമാണ്. അതേസമയം, ബൗളര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ ഒന്നാമത് തുടരുകയാണ്.