അൻവര്‍ ജയിൽ മോചിതൻ; യുഡിഎഫ് നേതാക്കളുടെ പിന്തുണ ആശ്വാസം, പിണറായി സ്വയം കുഴി കുഴിക്കുന്നുവെന്ന് അൻവർ
Monday, January 6, 2025 8:51 PM IST
നിലമ്പൂർ: ഡിഎഫ്ഒ ഓഫീസ് അടിച്ചു തകര്‍ത്ത കേസിൽ ജാമ്യം ലഭിച്ച പി.വി. അൻവര്‍ എംഎൽഎ ജയിലിൽ നിന്ന് പുറത്തിറങ്ങി. ജയിലിൽ നിന്ന് പുറത്തിറങ്ങിയ അൻവറിനെ പ്രവര്‍ത്തകര്‍ പൂമാലയും പൊന്നാടയും അണിയിച്ചാണ് സ്വീകരിച്ചത്. ജയിലിന് പുറത്ത് തടിച്ചുകൂടിയ ഡിഎംകെ പ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്താണ് അൻവര്‍ ജയിലിന് പുറത്തിറങ്ങിയത് ആഘോഷിച്ചത്.
ദൈവത്തിന് നന്ദിയെന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങിയ പി. വി. അൻവർ എംഎൽഎ പറഞ്ഞു. യുഡിഎഫിന്റെ മുഴുവൻ നേതാക്കളും തനിക്ക് ധാർമിക പിന്തുണ നൽകിയെന്നതാണ് തനിക്ക് ആശ്വാസകരമായിട്ടുള്ളതെന്ന് അൻവർ പറഞ്ഞു.
ജുഡീഷ്യറിയിൽനിന്ന് നീതി കിട്ടുമെന്നാണ് കരുതിയിരുന്നത്. അത് കൃത്യമായി ലഭിച്ചു. സർക്കാരിന് തിരിച്ചടി മാത്രമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. പിണറായി സ്വയം കുഴികുത്തിക്കൊണ്ടിരിക്കുകയാണ്.
ഒരു കാരണവശാലും ഇടത് മുന്നണി അധികാരത്തിൽ വരരുതെന്നാണ് പിണറായിയുടെ ആവശ്യം. സിപിഎം അധികാരത്തിൽ വരാതിരിക്കാനുള്ള കരാറാണ് ആർഎസ്എസുമായി ഉണ്ടാക്കിയിരിക്കുന്നത്. കേരളത്തിലെ മുസ്ലീങ്ങൾ മുഴുവൻ വർഗീയവാദികളാണെന്ന് എന്തിനാണ് പിണറായി ആവർത്തിച്ച് പറയുന്നത്. ഒരു വിഭാഗം ന്യൂനപക്ഷത്തെ അകറ്റി.
ഒരു കോടി മുപ്പത് ലക്ഷം ജനങ്ങളെയും 63 നിയമസഭാ മണ്ഡലങ്ങളെയും 30 പഞ്ചായത്തുകളെയും ആണ് വനനിയമ ഭേതഗതി ബാധിക്കാൻ പോകുന്നത്. ഇവിടെ വന്യജീവി ശല്യം കൊണ്ട് ജനങ്ങൾ വലയുമ്പോൾ കേന്ദ്രത്തിന്റെ തലയിൽവച്ച് സംസസ്ഥാന സർക്കാർ ഒഴിയാൻനോക്കുന്നു. ഫോറസ്റ്റ് അധികാരികൾക്ക് അമിതാധികാരം നൽകുന്ന നിയമം കൊണ്ടുവരുന്നത് കേരളമാണ്.
മനുഷ്യർക്ക് ഇവിടെ ജീവിക്കാൻ മാർഗമില്ല. എല്ലാം വിട്ടെറിഞ്ഞ് മനുഷ്യർ പശ്ചിമഘട്ടം വിട്ടെറിഞ്ഞ് വരികയാണ്. ഈ സാഹചര്യത്തിന് പെട്രോൾ ഒഴിക്കുന്ന നിയമമാണ് ഇനി വരാൻ പോകുന്നത് എന്ന് അൻവർ പറഞ്ഞു.
ഇതുവരെ ഒറ്റയാള്‍ പോരാട്ടമായിരുന്നു നടത്തിക്കൊണ്ടിരുന്നത്. പിണറായിയുടെ ദുര്‍ഭരണത്തിനും ഭരണകൂട ഭീകരതയ്ക്കും ന്യൂനപക്ഷവിദ്വേഷത്തിനും ഗൂഢാലോചനയക്കുമെതിരെ യുഡിഎഫുമായി കൈകോര്‍ത്ത് ഒറ്റക്കെട്ടായി നിന്ന് പിണറായിസത്തെ താഴെയിറക്കാനുള്ള പോരാട്ടത്തിനായിരിക്കും തന്റെ പിന്തുണ.
സിപിഎം സമരം എന്താണെന്നത് മറന്നുപോയി. ഭരണത്തിന്റെ ശീതളച്ഛായയില്‍ മുന്നോട്ട് തഴുകി ഒഴുകുകയാണ്. അപ്പോള്‍ അവര്‍ക്ക് സമരം അരോചകമായി തോന്നും. ഇനി ഒറ്റയാള്‍ പോരാട്ടമല്ല. ഇനി കൂട്ടായുള്ള പോരാട്ടമാണ്. അതിന് വ്യക്തിപരമായി എന്ത് കോംപ്രമൈസിനും തയാറാണ്. പറഞ്ഞത് ഇരുമ്പുലക്കയാണെന്ന് വിചാരിച്ച് നടക്കാന്‍ പറ്റുന്ന കാലമല്ല. ശത്രുവിനെ തകര്‍ക്കുക എന്നതാണ് ആത്യന്തിക ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.