സ്റ്റാർലിങ്ക് ഇന്റർനെറ്റ് സംവിധാനം അടുത്ത മാസം തുടങ്ങിയേക്കും
എസ്.ആർ. സുധീർ കുമാർ
Monday, January 6, 2025 7:59 PM IST
കൊല്ലം: ആഗോള ഭീമൻ ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഇന്റർനെറ്റ് സംവിധാനം ഇന്ത്യയിൽ ഉടൻ പ്രവർത്തനം ആരംഭിക്കും. ഫെബ്രുവരിയിൽ രാജ്യത്ത് ഇവരുടെ സേവനത്തിനു തുടക്കം കുറിക്കുമെന്നാണ് വിവരം. നിലവിലെ സ്വകാര്യ കമ്പനികളായ റിലയൻസ്, ഭാരതി എയർടെൽ തുടങ്ങിയവർക്ക് സ്റ്റാർ ലിങ്ക് കടുത്ത വെല്ലുവിളി ഉയർത്തുമെന്ന കാര്യവും ഉറപ്പാണ്.
റിപ്പോർട്ടുകൾ അനുസരിച്ച് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം 2024 ഡിസംബർ 15-ന് സ്റ്റാർ ലിങ്കിൻന്റെ സ്പെക്ട്രം അലോക്കേഷൻ സംബന്ധിച്ച ശിപാർശകൾ ടെലികോം റഗുലേറ്ററി അഥോറിറ്റി ഒഫ് ഇന്ത്യയിൽ നിന്ന് സ്വീകരിച്ച് കഴിഞ്ഞു. മസ്കിന്റെ സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് സേവനത്തിനായി അലോക്കേഷൻ പ്ലാൻ ചാർട്ട് ചെയ്യുന്ന തയാറെടുപ്പിലാണ് മന്ത്രാലയം എന്നാണ് ലഭ്യമാകുന്ന വിവരം.
ജിയോയും ഭാരതി എയർടെല്ലും തങ്ങളുടെ ഉപഗ്രഹ അധിഷ്ഠിത സേവനങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. എന്നാൽ സ്റ്റാർലിങ്ക് ഇന്ത്യയിലെ ആദ്യത്തെ സാറ്റലൈറ്റ് ബ്രോഡ്ബാന്ഡ് സേവന ദാതാവായി മാറാനാണ് സാധ്യത. അടുത്ത മാസം തന്നെ അവർ രാജ്യത്തുടനീളം സർവീസ് ആരംഭിക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.
ഡേറ്റാ സംഭരണം, സുരക്ഷ എന്നീ കാര്യങ്ങളിൽ കേന്ദ്ര സർക്കാർ നിർദേശിക്കുന്ന നിയമങ്ങൾ പൂർണമായും പാലിക്കാമെന്ന് സ്റ്റാർലിങ്ക് സമ്മതിച്ചിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ഉടൻ പ്രവർത്തന ലൈസൻസ് നൽകുമെന്നാണ് റിപ്പോർട്ടുകൾ. സ്റ്റാർലിങ്ക് സാറ്റലൈറ്റ് അധിഷ്ഠിത വയർലെസ് ഇന്റർനെറ്റ് കണക്ടിവിറ്റിയാണ് വാഗ്ദാനം ചെയ്യുന്നത്.
ഡൗൺലോഡ് വേഗത 50- 150 എംബിപിഎസ് മുതലുള്ള പ്ലാനുകളിലായിരിക്കും ആരംഭിക്കുക. പ്രീമിയം പ്ലാൻ ഉപഭോക്താക്കൾക്ക് 200 എംബിപിഎസ് വരെ വേഗത ലഭിക്കും. 10-20 എംബിപിഎസ് ആയിരിക്കും അപ്ലോഡ് വേഗത.
നിലവിൽ ജിയോയും എയർടെലും നൽകുന്ന വേഗത ഇതിലും കുറവാണ്. മൊബൈൽ നെറ്റ്വർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്ത വിദൂര പ്രദേശങ്ങളിൽ പോലും കണക്ടിവിറ്റി നൽകാൻ സ്റ്റാർലിങ്കിന് സാധിക്കും എന്നതാണ് ഏറ്റവും പ്രധാന സവിശേഷത.
പ്രത്യേക ഉപകരണങ്ങൾ കൂടാതെ അതിവേഗ ഇന്റർനെറ്റ് അക്സസ് ചെയ്യാം. ലോകത്തിലെ 48 രാജ്യങ്ങളിൽ നിലവിൽ സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനം ലഭ്യമാണ്. സ്റ്റാർ ലിങ്ക് ഇന്റർനെറ്റ് സംവിധാനം ആരംഭിക്കാൻ ഇന്ത്യ തയാറാണെന്നു വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം കഴിഞ്ഞ വർഷം തന്നെ വ്യക്തമാക്കിയിരുന്നു.