അതിഷി അച്ഛനെ മാറ്റി; വിവാദ പരാമർശവുമായി ബിജെപി നേതാവ്
Monday, January 6, 2025 4:22 AM IST
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അതിഷിക്കെതിരെ വിവാദ പരാമർശവുമായി ബിജെപി നേതാവ് രമേഷ് ബിധുരി. അതിഷി അച്ഛനെ മാറ്റി എന്നായിരുന്നു ബിധുരിയുടെ പരിഹാസം. ആദ്യം അതിഷി മർലേന എന്നായിരുന്നു പേര്. ഇപ്പോൾ സിംഗ് ആയി മാറി.
ആം ആദ്മി പാർട്ടിയുടെ സ്വഭാവം ഇതാണെന്നും ബിധുരി വിമർശിച്ചു. പാർലമെന്റ് ആക്രമണ കേസിലെ പ്രതി അഫ്സൽ ഗുരുവിനായി ദയാ ഹർജി നൽകിയവരാണ് അതിഷിയുടെ മാതാപിതാക്കൾ എന്നും ബിധുരി കുറ്റപ്പെടുത്തി. വിഷയത്തിൽ പ്രതിഷേധവുമായി ആംആദ്മി പാർട്ടി രംഗത്തെത്തി.
ബിജെപി നേതാക്കൾ എല്ലാ പരിധികളും ലംഘിക്കുകയാണെന്ന് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കേജരിവാൾ പറഞ്ഞു. നേരത്തെ ഡൽഹിയിൽ ബിജെപി അധികാരത്തിൽ എത്തിയാൽ റോഡുകൾ പ്രിയങ്ക ഗാന്ധിയുടെ കവിളുകൾ പോലെയാക്കും എന്ന ബിധുരിയുടെ പരാമർശം വലിയ വിവാദമായിരുന്നു.