ഉമ തോമസ് എംഎൽഎയ്ക്ക് പരിക്കേറ്റ സംഭവം; മൃദംഗ വിഷൻ എംഡി നിഗോഷ് കുമാറിന് ഇടക്കാല ജാമ്യം
Friday, January 3, 2025 7:05 PM IST
കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ വീണ് ഉമ തോമസ് എംഎൽഎയ്ക്ക് പരിക്കേറ്റ സംഭവത്തിൽ അറസ്റ്റിലായ മൃദംഗ വിഷൻ എംഡി നിഗോഷ് കുമാറിന് ഇടക്കാല ജാമ്യം അനുവദിച്ചു. ചൊവ്വാഴ്ച വരേയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്.
നിഗോഷിന്റെ ജാമ്യാപേക്ഷയിൽ ഉത്തരവ് ചൊവ്വാഴ്ചയുണ്ടാകും. അതേസമയം താത്കാലികമായ സ്റ്റേജ് നിർമിച്ചത് അശാസ്ത്രീയമായാണെന്ന് നിഗോഷിന്റെ റിമാന്റ് റിപ്പോർട്ടിൽ പറയുന്നു. സിമന്റ് കട്ടകളിൽ ഉറപ്പിച്ച സ്റ്റേജിന് കുലുക്കമുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മൃദംഗ വിഷൻ എംഡി നിഗോഷ് കുമാറിനെ ഇന്നലെയാണ് പോലീസ് അറസ്റ്റുചെയ്തത്. നിഗോഷ് ഇന്നലെ പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയിരുന്നു.
തുടർന്ന് ഏഴ് മണിക്കൂർ നീണ്ട ചോദ്യംചെയ്യലിനു ശേഷമാണ് ഇയാളുടെ അറസ്റ്റ് രേഘപ്പെടുത്തിയത്. പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ ആണ് നിഗോഷ് കീഴടങ്ങിയത്. കഴിഞ്ഞ ദിവസം ഹൈക്കോടതിയും ഇയാളോട് കീഴടങ്ങാന്‍ നിര്‍ദേശിച്ചിരുന്നു.
അതിനിടെ മെഗാ ഭരതനാട്യം നടത്തിപ്പുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യാന്‍ പോലീസ് നോട്ടീസ് നല്‍കുമെന്ന സൂചനകള്‍ക്കിടെ നടി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങി. ബുധനാഴ്ച കൊച്ചി വിമാനത്താവളം വഴിയാണ് ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങിയത്.