പുതുവത്സരത്തിൽ പുത്തൻ പ്രതീക്ഷ; നവകേരള ബസ് വീണ്ടും നിരത്തിലിറങ്ങി
Wednesday, January 1, 2025 2:54 PM IST
കോഴിക്കോട്: നവകേരള ബസ് വീണ്ടും നിരത്തിലിറങ്ങി. കോഴിക്കോട്ടുനിന്ന് ബംഗളുരുവിലേക്ക് പോകുന്ന ആദ്യ സർവീസിൽ ബസിന്റെ മുഴുവൻ സീറ്റിലും യാത്രക്കാരുണ്ട്. അഞ്ച് മാസത്തിനുശേഷമാണ് ബസ് നിരത്തിലിറങ്ങുന്നത്.
നേരത്തെ ബംഗളൂരുവിലേയ്ക്ക് സർവീസ് നടത്തിയിരുന്ന നവകേരള ബസ് നഷ്ടത്തിലായതോടെ സർവീസ് നിർത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് സീറ്റുകൾ വർധിപ്പിച്ച് രൂപമാറ്റം വരുത്തി സൂപ്പർ ഡീലക്സ് ആക്കി സർവീസ് നടത്താൻ കെഎസ്ആർടിസി തീരുമാനിച്ചത്.
നിലവിൽ ബസിലെ സീറ്റുകളുടെ എണ്ണം 37 ആക്കിയിട്ടുണ്ട്. ബസിലുണ്ടായിരുന്ന എസ്കലേറ്റർ, പിൻഡോർ എന്നിവ ഒഴിവാക്കിയിട്ടുണ്ട്. മുൻഭാഗത്ത് മാത്രമാണ് ഡോർ. ശുചിമുറി ബസിൽ നിലനിർത്തിയിട്ടുണ്ട്. നേരത്തെ 1280 രൂപ ആയിരുന്നു ബസ് നിരക്ക്. ഇപ്പോൾ 930 രൂപയാണ് ഈടാക്കുന്നത്.