മിണ്ടാതിരിക്കാന്‍ പറയാന്‍ ഇത് തമ്പുരാക്കന്മാരുടെ കാലമൊന്നുമല്ല: ജി. സുധാകരന്
Tuesday, December 31, 2024 1:51 PM IST
ആലപ്പുഴ: വായില്‍ തോന്നിയത് പറയുന്ന ആളല്ല താനെന്നും, മിണ്ടാതിരിക്കാന്‍ പറയാന്‍ ഇത് തമ്പുരാക്കന്മാരുടെ കാലമൊന്നുമല്ലെന്നും മുന്‍മന്ത്രി ജി. സുധാകരന്. താന്‍ വിശ്രമിക്കുകയൊന്നുമല്ല. അങ്ങനെ പറയാന്‍ പത്തനംതിട്ടയിലെ ആ സുഹൃത്തിന് ആവശ്യമില്ല. അതാരാണെന്ന് താന്‍ അന്വേഷിച്ചിട്ടില്ല. എന്നാല്‍ അത് തന്നെ കേരളം മൊത്തം അപമാനിക്കാന്‍ വേണ്ടിയുള്ള ആക്ഷേപമാണെന്ന് സുധാകരന് പറഞ്ഞു.
സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിലെ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വായില്‍ തോന്നിയത് പറയുന്ന ജി. സുധാകരനെ നിയന്ത്രിക്കണം എന്നായിരുന്നു ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനം.
വിമര്‍ശനം ഉന്നയിച്ച ആളെക്കൊണ്ട് പറയിപ്പിച്ചതാകും. ആരോ പിന്നില്‍ ഉണ്ട്. ആലപ്പുഴയിലും ചിലര്‍ തന്നെ കല്യാണത്തിലും മറ്റും വിളിക്കരുതെന്ന് പറഞ്ഞിരുന്നു. അവരൊക്കെ ഇപ്പോള്‍ എവിടെയാണെന്നും സുധാകരൻ ചോദിച്ചു.
കമ്യൂണിസ്റ്റുകാര്‍ അവരുടെ സ്വാഭിപ്രായം തുറന്നു പറയും. പാര്‍ട്ടിക്ക് അകത്തു പറയേണ്ടത് അകത്തു മാത്രമേ പറയൂ. സാമൂഹിക വിമര്‍ശനങ്ങള്‍ തുറന്നു പറയണം. പൊതു ഖജനാവ് കൊള്ളയടിക്കുന്നവര്‍, അഴിമതി നടത്തുന്നവര്‍, വര്‍ഗീയവാദികള്‍, വൃത്തികേടുള്ളവര്‍ തുടങ്ങിയവരെ താന്‍ വിമര്‍ശിക്കാറുണ്ട്. അത് ഇഷ്ടപ്പെടാത്തവരാണ് തന്നെ വിമര്‍ശിക്കുന്നത്.
സാമൂഹിക വിമര്‍ശനം നടത്താതെ രാഷ്ട്രീയം ശക്തിപ്പെടില്ല. സാമൂഹിക പ്രവര്‍ത്തനമാണ് രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ അടിത്തറ. സാമൂഹിക പ്രവര്‍ത്തനത്തില്‍ നിന്നും വഴിമാറിപ്പോയാല്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ആളുണ്ടാകില്ല.
ചില പാര്‍ട്ടികള്‍ക്ക് സോഷ്യല്‍ സര്‍വീസ് ഇല്ലാത്തതാണ് ആളില്ലാതാകാന്‍ കാരണം. സിപിഎമ്മിന് സോഷ്യല്‍ സര്‍വീസ് ഉണ്ട്. താന്‍ സംസാരിക്കുന്നത് പാര്‍ട്ടിക്കു വേണ്ടിയാണെന്നും ജി. സുധാകരന് പറഞ്ഞു.