കലൂർ സ്റ്റേഡിയത്തിലെ പരിപാടിയിൽ വൻ സുരക്ഷാ വീഴ്ചയെന്ന് സംയുക്ത പരിശോധനാ റിപ്പോർട്ട്
Tuesday, December 31, 2024 9:52 AM IST
കൊച്ചി: ഉമാ തോമസ് എംഎൽഎക്ക് അപകടം പറ്റിയ കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയിൽ വൻ സുരക്ഷാ വീഴ്ചയുണ്ടായതായി റിപ്പോർട്ട്. പോലീസ്, ഫയർ ഫോഴ്സ്, പൊതുമരാമത്ത് വകുപ്പ് എന്നീ വിഭാഗങ്ങൾ ചേർന്ന് തയാറാക്കിയ സംയുക്ത റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
സ്റ്റേജ് നിർമിച്ചത് അപകടകരമായ രീതിയിലാണ്. അധികമായി നിർമിച്ച ഭാഗത്ത് വേണ്ടത്ര ഉറപ്പില്ലായിരുന്നു. വിഐപി പവലിയന്റെ ഭാഗത്ത് ആംബുലൻസ് ഇല്ലാതിരുന്നത് വൈദ്യസഹായം വൈകാൻ കാരണമായെന്നും റിപ്പോർട്ടിലുണ്ട്.
അതേസമയം വീണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. രാവിലെ ഉമ തോമസ് കണ്ണു തുറന്നു. കൈകാലുകള്‍ അനക്കി. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള ഉമ തോമസിനെ കണ്ട ശേഷം മകനാണ് ഇക്കാര്യം അറിയിച്ചത്.