യുവാവിനെ മുറിയിൽ പൂട്ടിയിട്ട് ആക്രമിച്ച് പണം കവർന്നു; യുവതി ഉൾപ്പടെ അറസ്റ്റിൽ
Tuesday, December 31, 2024 7:37 AM IST
തൃശൂർ: യുവാവിനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് ആക്രമിച്ച് പണവും വസ്തുക്കളും തട്ടിയെടുത്ത സംഭവത്തിൽ യുവതി അടക്കം പിടിയിൽ.
വലപ്പാട് ബീച്ച് ഇയ്യാനി ഹിമ (25), കരയാമുട്ടം ചിക്കവയലിൽ സ്വാതി (28), ചാമക്കാല ഷിബിൻ നൗഷാദ് എന്നിവരാണ് പിടിയിലായത്.
നാട്ടിക ബീച്ച് സ്വദേശിയായ യുവാവിനെ തൃപ്രയാറുള്ള അപ്പാർട്ട്മെന്റിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് യുവാവിനെ മുറിയിൽ പൂട്ടിയിട്ട് ആക്രമിക്കുകയും പോക്കറ്റിൽ നിന്ന് 5000 രൂപയും ഒന്നരലക്ഷത്തോളം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണും കഴുത്തിൽ കിടന്നിരുന്ന മാലയും ബലമായി തട്ടിയെടുക്കുകയായിരുന്നു.
പിന്നീട് പ്രതികളെ പിന്തുടർന്ന് കവർച്ച ചെയ്ത സാധനങ്ങൾ തിരികെ വാങ്ങുന്നതിന് ചെന്ന യുവാവിനെ സംഘം മർദ്ദിക്കുകയും ചെയ്തു. ഇതു സംബന്ധിച്ച് യുവാവ് നൽകിയ പരാതിയിൽ വലപ്പാട് പോലീസ് നടത്തിയ അന്വേഷത്തിലാണ് പ്രതികൾ പിടിയിലായത്.