ഉമാ തോമസിന്റെ ആരോഗ്യനിലയിൽ പുരോഗതി; കണ്ണ് തുറന്നു
Tuesday, December 31, 2024 7:20 AM IST
കൊച്ചി: വീണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി.
രാവിലെ ഉമ തോമസ് കണ്ണു തുറന്നു. കൈകാലുകള്‍ അനക്കി. രാവിലെ ഉമ തോമസിന്റെ മകൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള ഉമ തോമസിനെ കണ്ടു. ഉമ തോമസിനെ കണ്ടശേഷം മകനാണ് അമ്മ കണ്ണു തുറന്നുവെന്നും കൈ കാലുകള്‍ അനക്കിയെന്നും പറഞ്ഞത്.
ആരോഗ്യസ്ഥിതി സംബന്ധിച്ച ഏറ്റവും പുതിയ വിവരം ഇന്ന് രാവിലെ പത്തിന് മെഡിക്കൽ ബോര്‍ഡ് നൽകും. കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് എത്തിയ വിദഗ്ധ സംഘം എംഎൽഎയുടെ ആരോഗ്യസ്ഥിതി പരിശോധിച്ചു വരുകയാണ്.
വെന്റിലേറ്ററിൽ നിന്ന് മാറ്റാൻ കഴിയുമോ എന്ന് മെഡിക്കൽ സംഘം നിരീക്ഷിച്ച് വരികയാണ്. തലച്ചോറിനുണ്ടായ ക്ഷതവും ശ്വാസകോശത്തിനുണ്ടായ പരിക്കും ഗുരുതരമാണ്.
ശ്വാസകോശമടക്കമുള്ള മറ്റ് ആന്തരികാവയവങ്ങൾ സുഖം പ്രാപിക്കുന്ന മുറയ്ക്കേ തലച്ചോറിലെ പരിക്ക് കുറയു എന്നതിനാൽ ആരോഗ്യസ്ഥിതി വീണ്ടെടുക്കാൻ സമയമെടുക്കുമെന്നാണ് നിലവിലെ വിലയിരുത്തൽ. ഉമ തോമസിന്റെ ബന്ധുക്കളും മുതിർന്ന കോൺഗ്രസ് നേതാക്കളും ആശുപത്രിയിൽ തുടരുകയാണ്.