പുതുവത്സരാഘോഷം; വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ ഡ്രോണ്‍ നിരീക്ഷണം
Tuesday, December 31, 2024 4:55 AM IST
തിരുവനന്തപുരം: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി കർശന സുരക്ഷ ഒരുക്കാൻ സംസ്ഥാന പോലീസ് മേധാവി എസ്. ദർവേഷ് സാഹിബ് നിർദേശം നൽകി. പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലും ആളുകള്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളിലും ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കും.
ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കും. ഷോപ്പിംഗ് കേന്ദ്രങ്ങള്‍, മാളുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ്സ്റ്റാൻഡ്, വിമാനത്താവളം എന്നിവിടങ്ങളില്‍ പോലീസ് പട്രോളിങ്ങും നിരീക്ഷണവും കര്‍ശനമാക്കും.
പരിശോധനകള്‍ കര്‍ശനമാക്കുന്നതിനു സ്പെഷ്യല്‍ ടീമുകള്‍ രൂപീകരിക്കാനും ഡിജിപി നിര്‍ദേശം നൽകി. പ്രധാന ജംഗ്ഷനുകളില്‍ പോലീസ് പിക്കറ്റുകൾ സ്ഥാപിക്കും. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തശേഷം പുതുവത്സരാഘോഷത്തിനു പോകുന്നവര്‍ തങ്ങളുടെ മൊബൈല്‍ നമ്പര്‍ വാഹനത്തില്‍ പ്രദര്‍ശിപ്പിക്കണമെന്നും നിർദേശത്തിൽ പറയുന്നു.