നവകേരള ബസ് പുത്തൻ ലുക്കിൽ; നാളെ മുതൽ സർവീസ് തുടങ്ങും
Tuesday, December 31, 2024 4:20 AM IST
കോഴിക്കോട്: നവകേരള ബസ് കൂടുതൽ ജനകീയമാക്കി നാളെ മുതൽ കോഴിക്കോട് - ബംഗളൂരു റൂട്ടിൽ സർവീസ് തുടങ്ങും. ടിക്കറ്റ്നിരക്ക് 1280 ൽനിന്നു 956 രൂപയാക്കി കുറച്ചു. ഓൺലൈൻ ബുക്കിംഗും ആരംഭിച്ചു. സ്റ്റേജ് ഫെയർ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
രാവിലെ 8.30 ന് കോഴിക്കോട് ഡിപ്പോയിൽ നിന്ന് പുറപ്പെട്ട് വൈകുന്നേരം നാലരയോടെ ബംഗളൂരുവിലെത്തും. രാത്രി 10.30 ന് ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് ആറരയോടെ കോഴിക്കോടെത്തും. നേരത്തെ പുലർച്ചെ നാലിന് കോഴിക്കോട് നിന്ന് പുറപ്പെട്ട് 11.30ന് ബംഗളൂരുവിലെത്തി 2.30ന് ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് രാത്രി 10നു കോഴിക്കോടെത്തുന്ന രീതിയിലായിരുന്നു സർവീസ്.
അടിമുടി രൂപമാറ്റം വരുത്തിയ ബസ് ബംഗളൂരുവിൽ നിന്നു വെള്ളിയാഴ്ചയാണ് കോഴിക്കോട്ടെത്തിച്ചത്. നേരത്തെയുണ്ടായിരുന്ന 26 സീറ്റ് വർധിപ്പിച്ച് 37 ആക്കി. ഗരുഡ പ്രീമിയം എന്ന പേരിൽ മേയ് അഞ്ചു മുതലാണ് കോഴിക്കോട് - ബംഗളൂരു റൂട്ടിൽ ബസ് സർവീസ് ആരംഭിച്ചത്. എന്നാൽ സാമ്പത്തിക നഷ്ടത്തെ തുടർന്ന് ജൂലൈ മുതൽ സർവീസ് നടത്തിയിരുന്നില്ല.