കേരളത്തിനെതിരായ വിവാദ പരാമർശം; മലക്കം മറിഞ്ഞ് മഹാരാഷ്ട്ര മന്ത്രി
Tuesday, December 31, 2024 1:22 AM IST
മുംബൈ: കേരളം മിനി പാക്കിസ്ഥാനാണെന്ന പ്രസ്താവന വിവാദമായതിന് പിന്നാലെ മലക്കം മറിഞ്ഞ് മഹാരാഷ്ട്ര മന്ത്രിയും ബിജെപി നേതാവുമായ നിതേഷ് റാണെ.
കേരളം ഇന്ത്യയുടെ ഭാഗം തന്നെയാണെന്നും സംസ്ഥാനത്തെ ഹിന്ദുക്കളുടെ അവസ്ഥയെ താരതമ്യം ചെയ്യാനാണ് ശ്രമിച്ചതെന്നും റാണെ ന്യായീകരിച്ചു. പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനം തുടരുകയാണ്.
കേരളം മിനി പാക്കിസ്ഥാൻ ആണ്. അതുകൊണ്ടാണ് പ്രിയങ്ക ഗാന്ധിയും രാഹുൽഗാന്ധിയും അവിടെ ജയിച്ചത് എന്നായിരുന്നു നിതേഷ് റാണെയുടെ പരാമർശം. മഹാരാഷ്ട്രയിൽ ഫഡ്നാവിസ് സർക്കാരിലെ തുറമുഖ വികസന വകുപ്പ് മന്ത്രിയും ബിജെപി നേതാവുമായ നിതേഷ് റാണെ ഞായറാഴ്ച വൈകീട്ട് പൂനെയിൽ നടന്ന ചടങ്ങിലാണ് വിവാദ പ്രസംഗം നടത്തിയത്.
കേരളത്തെ അപകീർത്തിപ്പെടുത്തിക്കൊണ്ടുള്ള പരാമർശത്തിൽ പിന്നാലെ കടുത്ത വിമർശനം ഉയർന്നു. മഹാരാഷ്ട്രയിലെ കോൺഗ്രസ്, എൻസിപി നേതാക്കളടക്കം മന്ത്രിക്കെതിരെ നടപടിയാവശ്യപ്പെട്ട് രംഗത്തെത്തി. ഇതിന് പിന്നാലെയാണ് ബിജെപി നേതാവിന്റെ മലക്കം മറിച്ചിൽ.
കേരളം ഇന്ത്യയുടെ ഒരു ഭാഗം തന്നെയാണ്. ഹിന്ദുക്കൾ മതപരിവർത്തനം നടത്തി ക്രിസ്ത്യാനികൾ ആകുന്നതും മുസ്ലീങ്ങൾ ആകുന്നതും അവിടെ കൂടുതലാണ്.
പാക്കിസ്ഥാനിൽ ഹിന്ദുക്കൾ നേരിടുന്ന പോലെ കേരളത്തിലും സംഭവിച്ചാൽ അതിനെക്കുറിച്ച് ചിന്തിക്കേണ്ടത് ആവശ്യമാണ്. സംസ്ഥാനത്തെ ഹിന്ദുക്കളുടെ അസ്ഥയെ താരതമ്യം ചെയ്യാനാണ് ശ്രമിച്ചത്- റാണ പറഞ്ഞു. നിതേഷ് റാണെയോട് പരാമർശം തിരുത്താൻ ബിജെപി നേതൃത്വം ആവശ്യപ്പെട്ടെന്നാണ് സൂചന.