പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേരില്‍ തട്ടിപ്പ്; ദമ്പതികള്‍ അറസ്റ്റിൽ
Tuesday, December 31, 2024 12:57 AM IST
ഭുവനേശ്വർ: പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ. മിശ്രയുടെ പേരില്‍ തട്ടിപ്പ് നടത്തിയ ദമ്പതികള്‍ അറസ്റ്റിൽ.
പി.കെ. മിശ്രയുടെ മകളും മരുമകനുമാണെന്ന് പറഞ്ഞ് ഭുവനേശ്വർ സ്വദേശികളായ ദമ്പതികള്‍ നിരവധി പേരെ കബളിപ്പിച്ചതായാണ് കേസ്. ആൾമാറാട്ടം നടത്തിയതിന് ദമ്പതികൾക്കെതിരെ കമ്മീഷണറേറ്റ് പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
പ്രതികളായ അനിൽകുമാർ മൊഹന്തിയും ഹൻസിത അഭിലിപ്സയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ബന്ധുക്കളെന്ന് ധരിപ്പിച്ച് അനാവശ്യമായ മുതലെടുപ്പുകള്‍ നടത്തുകയായിരുന്നു എന്ന് പോലീസ് റിപ്പോർട്ടുകൾ പറയുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻഫോസിറ്റി പോലീസ് സ്റ്റേഷൻ ഡിസംബർ 26ന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
അന്വേഷണത്തിനിടയിൽ സാക്ഷികളെ വിസ്തരിച്ചതില്‍ നിന്ന് ആരോപണങ്ങള്‍ ശരിയാണെന്ന് വ്യക്തമായി. തുടര്‍ന്ന് ഡിസംബർ 29നാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ തട്ടിപ്പിന് ഇരയായവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇതിനായി വിശദമായ അന്വേഷണം നടക്കുകയാണ്. തട്ടിപ്പിന് ഇരയായവർ സ്വയം മുന്നോട്ട് വന്ന് പോലീസിൽ റിപ്പോർട്ട് ചെയ്യണമെന്നും പോലീസ് അഭ്യർഥിച്ചു.
പ്രിൻസിപ്പൽ സെക്രട്ടറി മിശ്രയുടെയും മറ്റ് ഉന്നത വ്യക്തികളുടെയും കൂടെയുള്ള ഫോട്ടോകൾ എഡിറ്റ് ചെയ്തും ഇവര്‍ തട്ടിപ്പ് നടത്തിയതായി പോലീസ് പറയുന്നു. ഹാർഡ്വിക് ഇൻഫ്ര, അനിൽ മൊഹന്തി ഇൻഫ്ര എന്നീ പേരുകളിൽ ബിസിനസ് നടത്തുന്ന അനിൽ മൊഹന്തി 2024 മാർച്ച് 17 ന് പാട്യയിൽ മദ്യപിച്ച് വാഹനമോടിച്ചതിന് പിടിക്കപ്പെട്ടിരുന്നു. അന്ന് ഇയാളുടെ ആഡംബര പോർഷെ കാര്‍ പോലീസ് പിടിച്ചെടുത്തിരുന്നു.