ഉമാ തോമസ് അപകടത്തിൽപെട്ട സംഭവം; മൃദംഗ വിഷൻ സിഇഒ അറസ്റ്റിൽ
Monday, December 30, 2024 10:29 PM IST
കൊച്ചി: ഉമാ തോമസ് എംഎൽഎ അപകടത്തിൽപെട്ട കലൂര്‍ സ്റ്റേഡിയത്തിലെ പരിപാടി സംഘടിപ്പിച്ച മൃദംഗ വിഷന്റെ സിഇഒ ഷമീർ അബ്ദുൾ റഹീം അറസ്റ്റിൽ. കൊച്ചിയിലെ ഒരു ഫ്ലാറ്റിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്.
മൃദംഗവിഷൻ സിഇഒയും എംഡിയും മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് സിഇഒയെ അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച വൈകുന്നരമാണ് കൊച്ചി കലൂര്‍ ഇന്റർനാഷണല്‍ സ്റ്റേഡിയത്തില്‍ വച്ചുണ്ടായ അപകടത്തില്‍ ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. തലയ്ക്കും ശ്വാസകോശത്തിനും അടക്കം പരിക്കേറ്റിരുന്നു.
നിലവില്‍ റിനൈ മെഡിസിറ്റി ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലാണ് ഉമാ തോമസ് എംഎല്‍എ. തലയ്ക്ക് ഗുരുതര പരിക്കുണ്ടെങ്കിലും അടിയന്തര ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നാണ് മെഡിക്കല്‍ ബുള്ളറ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം, എംഎൽഎ ഉമാ തോമസ് വീണു ഗുരുതര പരിക്കേറ്റ പരിപാടിയെച്ചൊല്ലിയുള്ള സാമ്പത്തിക ആരോപണത്തിൽ ദിവ്യ ഉണ്ണിയെ ആവശ്യമെങ്കിൽവിളിച്ചുവരുത്തുമെന്ന് സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു.
വിഷയത്തിൽ പാലാരിവട്ടം പോലീസ് കേസ് എടുത്തിട്ടുണ്ട് എന്നും സംഘാടകർ അനുമതി എടുത്തിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു.