പുതുവത്സരാഘോഷം: കൊച്ചിയിൽ കർശന സുരക്ഷ ഒരുക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ
Monday, December 30, 2024 6:23 PM IST
കൊച്ചി: പുതുവത്സരാഘോഷം കണക്കിലെടുത്ത് കൊച്ചിയിൽ കർശന സുരക്ഷ ഒരുക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ. പുതുവത്സരാഘോഷം നടക്കുന്ന സ്ഥലങ്ങളിൽ വിപുലമായ പോലീസ് സന്നാഹം ഏർപ്പെടുത്തുമെന്നും ഫോർട്ട് കൊച്ചിയിൽ മാത്രം 1000 പോലീസുകാരെ നിയമിക്കുമെന്നും കമ്മീഷണർ പറഞ്ഞു.
"ഫോർട്ട് കൊച്ചിയിലേക്ക് നേരിട്ട് ബസ് സർവീസ് വൈകിട്ട് നാലു മണി വരെ ഏർപ്പെടുത്തും. പുതുവർഷത്തലേന്ന് കൊച്ചിയിലെത്തുന്നവർക്ക് പാർക്കിങ്ങിനു ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പപ്പാഞ്ഞിയെ കത്തിക്കുന്ന വെളിഗ്രൗണ്ടിൽ പൊലീസ് കൺട്രോൾ റൂം ഉണ്ടായിരിക്കും'.കമ്മീഷണർ അറിയിച്ചു.
മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവരെ കണ്ടെത്താൻ സ്ക്വാഡ് രൂപീകരിക്കുമെന്നും പുട്ട വിമലാദിത്യ പറഞ്ഞു. കോസ്റ്റൽ പൊലീസും നിരീക്ഷണത്തിനുണ്ടാകുമെന്നും കമ്മീഷണർ പറഞ്ഞു.
പുതുവർഷ ആഘോഷങ്ങൾക്കു ശേഷം തിരിച്ചു പോകുന്നവർക്കായി ഗതാഗത സംവിധാനം ഒരുക്കാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. കൊച്ചി മെട്രോ സർവ്വീസ് പുലർച്ചെ രണ്ടു മണി വരെ ഉണ്ടാകുമെന്നും കമ്മീഷണർ പറഞ്ഞു.
വാട്ടർ മെട്രോ ഫോർട്ടു കൊച്ചിയിലേക്കും ഹൈക്കോടതി ജെട്ടിയിലേക്കും അധിക സർവ്വീസ് നടത്തും. കെഎസ്ആർടിസി സ്വകാര്യ ബസുകളും അധിക സർവ്വീസ് നടത്തുമെന്നും കമ്മീഷണർ അറിയിച്ചു.